പത്തനംതിട്ടയില്‍ ലോട്ടറിക്കാരനെ കബളിപ്പിച്ച് 5000 രൂപ തട്ടിയെടുത്തയാള്‍ നടത്തിയത് വന്‍ കൃത്രിമം. മഴയത്താണ് തട്ടിപ്പുകാരന്‍ കയറി വന്നതെന്ന് തട്ടിപ്പിനിരയായ രാധാകൃഷ്ണന്‍ പറയുന്നു. കടയിലെത്തിയതിന് പിന്നാലെ ടിക്കറ്റെടുത്ത് ബാക്കി പൈസയും വാങ്ങി. 5000 രൂപ അടിച്ചതാണെന്ന് പറഞ്ഞ് മറ്റൊരു ടിക്കറ്റും നല്‍കി. പണം വാങ്ങി ഇയാള്‍ പോയി കഴിഞ്ഞതോടെ ടിക്കറ്റ് വിശദമായി പരിശോധിച്ചപ്പോഴാണ് കള്ള ടിക്കറ്റാണെന്ന് മനസിലായതെന്നും രാധാകൃഷ്ണന്‍ മനോരമന്യൂസിനോട് വിശദീകരിച്ചു.
ലോട്ടറിയിലെ അഞ്ചെന്ന അക്കം എട്ടെന്ന് തിരുത്തിയാണ് തട്ടിപ്പുകാരന്‍ എത്തിയത്. മഷി കൊണ്ടാണ് തിരുത്തിയതെന്ന് രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. കാണുമ്പോള്‍ അറിയാന്‍ കഴിയുമെന്നും, കടയിലെത്തി നല്‍കിയപ്പോഴാണ് ചതിക്കപ്പെട്ടത് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് വന്ന് അന്വേഷിച്ചുവെന്നും ഇതുവരെയും കാര്യമായ ഫലമുണ്ടായില്ലെന്നും രാധാകൃഷ്ണന്‍ വേദനയോടെ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തിരച്ചില്‍ ഊര്‍ജിതമാണെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച നറുക്കെടുത്ത ഭാഗ്യധാരയുടെ ടിക്കറ്റാണ് കടയില്‍ എത്തിയ ആള്‍ രാധാകൃഷ്ണന് നല്‍കിയത്. BL 338764 എന്ന സംഖ്യയാണ് ഭാഗ്യക്കുറിയില്‍ ഉണ്ടായിരുന്നത്. ലോട്ടറിയില്‍ പ്രിന്‍റ് ചെയ്തിരുന്ന അക്കം എട്ടെന്ന് തിരുത്തിയാണ് നല്‍കിയത്. പക്ഷാഘാതം ബാധിച്ച് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാല്‍ കഴിയുകയാണ് രാധാകൃഷ്ണന്‍. പക്ഷാഘാതം വന്നതോടെ കാലുകളുടെ സ്വാധീനവും നഷ്ടമായി. ലോട്ടറിക്കച്ചവടം കൊണ്ടാണ് ഉപജീവനം കഴിക്കുന്നത്.