കോഴിക്കോട് ഓടുന്ന ബസിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതുകൊണ്ടാണ് യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കല്ലായിയിൽ രാവിലെ 10.47നായിരുന്നു സംഭവം.
കല്ലായി ബസ് സ്റ്റോപ്പിൽ ആളെയിറക്കിയ ശേഷം ബസ് മുന്നോട്ടിറക്കുമ്പോഴാണ് പിൻ ടയറിലേക്ക് യുവാവ് ഓടിക്കയറുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഡ്രൈവർ കണ്ണാടിയിലൂടെ ഇയാൾ ബസിനടിയിലേക്ക് ചാടുന്നത് കണ്ടുവെന്നാണ് കരുതുന്നത്.
ബസ് നിർത്തിയ ശേഷം കണ്ടക്ടർ ഇയാളോട് സംസാരിക്കുന്നതും വിഡിയോയിൽ കാണാം. ബസിലെ ക്യാമറയിലെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. ബസിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.