athulya-satheesh-03

ഷാര്‍ജയില്‍ മരിച്ച കൊല്ലം തെക്കുംഭാഗം സ്വദേശി അതുല്യയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ശാസ്താംകോട്ട സ്വദേശി സതീഷാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് അറസ്റ്റിലായത്.  അതുല്യയുടെ ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിന്റെ പേരിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. സതീഷ് തിരിച്ചുവന്നത് ജോലി നഷ്ടമായതിനാലാണെന്ന് സതീഷിന്റെ അഭിഭാഷകന്‍. മുന്‍കൂര്‍ ജാമ്യമുണ്ട്, അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

ജൂലൈ 19നു പിറന്നാൾ ദിവസം പുലർച്ചെയാണ് അതുല്യയെ ഭർത്താവിനൊപ്പം താമസിച്ചു വന്ന ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2014ൽ ആയിരുന്നു അതുല്യയും ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറുമായുള്ള വിവാഹം. മദ്യത്തിനു അടിമയായ ഭർത്താവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനിടെ കോടതിയിൽ വരെ കേസ് വന്നിരുന്നു. വീണ്ടും ഒരുമിക്കുകയായിരുന്നു. 

രണ്ട് വർഷം മുൻപാണ് അതുല്യ ദുബായിൽ എത്തിയത്. പിന്നീട് ഷാർജയിലേക്ക് താമസം മാറ്റുകയായിരുന്നു. മൂന്നു മാസം മുൻപ് നാട്ടിലെത്തിയ അതുല്യ 10 വയസ്സുള്ള മകൾ ആരാധ്യയുമായി  മടങ്ങിപ്പോയെങ്കിലും മകൾക്ക് അവിടെ പഠിക്കാൻ താൽപര്യമില്ലാത്തതിനാൽ നാട്ടിലേക്ക് തിരിച്ചയ്ക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഭർത്താവിനെതിരെ കേസെടുത്തിരുന്നു. 

ഭർത്താവ് സതീഷിനു മരണത്തിൽ പങ്കുണ്ടെന്നു കാട്ടി സഹോദരി പരാതി നൽകിയതിനു പിന്നാലെ ഇയാളെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. മരണം ആത്മഹത്യയാണെന്നു ഷാർജ പൊലീസ് സ്ഥിരീകരിച്ചിരുന്നു. 

ENGLISH SUMMARY:

Satheesh, husband of Kollam Thekkumbhagam native Athulya who died in Sharjah, has been arrested. The Sasthamkotta native was taken into custody at Thiruvananthapuram Airport. A police lookout notice had been issued in the name of Satheesh Shankar of Manakkara Saji Nivas, Sasthamkotta. On the morning of July 19, her birthday, Athulya was found hanging in the Sharjah apartment where she had been living with her husband. Athulya married Satheesh Shankar in 2014. According to relatives, her husband, addicted to alcohol, had physically and mentally abused her. At one point, the disputes had reached the court, but the couple later reconciled.