ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിലെ തീരുമാനമെടുക്കുന്നത് ഒട്ടുംഎളുപ്പമല്ല. ആചാരപരമായ കാര്യങ്ങളില്‍ ക്ഷേത്ര തന്ത്രിയുടെ തീരുമാനങ്ങള്‍ക്ക് നിയമപരമായ പിന്‍ബലവുമുള്ളതാണ് കാരണം. നിലവറ തുറക്കുന്നത് ചര്‍ച്ചപോലുമാക്കാന്‍ സംസ്ഥാന സര്‍ക്കാരും ആഗ്രഹിക്കുന്നില്ല.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് 2020 ജൂലൈ 13 സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ക്ഷേത്രത്തിന്‍റെ നടത്തിപ്പ് അവകാശങ്ങളിലും ആചാരപരമായ കാര്യങ്ങളിലും തിരുവിതാംകൂര്‍ രാജകുടുംബത്തിനുള്ള അധികാരം അംഗീകരിച്ചിട്ടുണ്ട്. ഈ വിധി അനുസരിച്ചാണ് ക്ഷേത്ര ഭരണത്തിന് തിരുവനന്തപുരം ജില്ലാ ജഡ്ജ് അധ്യക്ഷനായ അഞ്ചംഗ സമിതിയും ഹൈക്കോടതി മുന്‍ ജഡ്ജിന്‍റെ നേതൃത്വത്തില്‍ ഉപദേശക സമിതിയും രൂപീകരിച്ചത്. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ പുതിയ സമിതികള്‍ക്ക് തീരുമാനമെടുക്കാമെന്നും ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ച് വിധിച്ചെങ്കിലും ക്ഷേത്ര തന്ത്രിയുടെ നിര്‍ദേശ പ്രകാരം ആചാരപരമായ എല്ലാ ആരാധനാക്രമവും നടക്കുന്നുണ്ടെന്ന് സമിതികള്‍ ഉറപ്പാക്കണമെന്നും സുപ്രിംകോടതി ഉത്തരവില്‍ പറയുന്നു. ക്ഷേത്രത്തില്‍ തന്ത്രിമാരായെത്തുന്ന തരണനല്ലൂര്‍ കുടുംബത്തിലെ മുന്‍ തന്ത്രിമാര്‍ നിലവറ തുറക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. മറിച്ചൊരു തീരുമാനം ഉണ്ടാകാനുമിടയില്ല. ക്ഷേത്രഭരണ സമിതിയുടെ ഉപദേശക സമിതിയുടെയും സംയുക്ത യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി നിലവറ തുറക്കുന്നതില്‍ തീരുമാനം വേണ്ടേയെന്ന് ചോദിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. ഇതിന് പിന്നാലെ നിലവറ തുറക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ആലോചനയൊന്നുമില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍ തന്നെ വ്യക്തമാക്കിയിരുന്നു.