ലഹരിവസ്തുക്കള്‍ കടത്താന്‍ വ്യത്യസ്ത വഴികള്‍ പ്രയോഗിക്കുന്നവരാണ് പലരും. എന്നാല്‍ സ്പിരിറ്റ് കടത്താന്‍ വറൈറ്റി മാര്‍ഗം പരീക്ഷിച്ചവരെ പൊലീസ് കുടുക്കി.
ഓണം വരികയാണ്. സ്പിരിറ്റ് ഒഴുകുമെന്ന് ഉറപ്പാണ് . അതുകൊണ്ടു തന്നെ പൊലീസ് എക്സ്ട്രാ ജാഗ്രത പുലര്‍ത്തി. കർണാടകയിലെ ഹൊസൂരിൽ നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നതായി വിവരം ലഭിച്ചത് ചാലക്കുടി ഡിവൈ.എസ്.പി: പി.സി.ബിജുകുമാറിനായിരുന്നു. കൊടകര ഇൻസ്പെക്ടർ പി.കെ.ദാസും ലഹരിവിരുദ്ധ സേനയും പുലർച്ചെ തൊട്ടേ ദേശീയപാതയിൽ പച്ചക്കറി വണ്ടി പരിശോധിച്ചു തുടങ്ങി.
ഈ സമയത്താണ് മിനി ലോറിയുടെ വരവ്. മത്തങ്ങയും കാബേജും തുടങ്ങി പച്ചക്കറികളാണ് വണ്ടിയിൽ നിറയെ. സാറെ ഇതിൽ പച്ചക്കറിയാണ്. കമ്പി കൊണ്ട് കുത്തരുത്. പച്ചക്കറി കേടാകും' – ഡ്രൈവർ ആലപ്പുഴ സ്വദേശിയായ സുരാജ് (34) നിഷ്കളങ്കനായി പറഞ്ഞു. പക്ഷെ പൊലീസുകാര്‍ക്കു എന്തോ വശപിശക് തോന്നി. മത്തങ്ങ മാറ്റി നോക്കുമ്പോൾ അത് സ്പിരിറ്റ് കന്നാസുകൾ. 35 ലിറ്ററിന്റെ 79 കന്നാസുകൾ. 2765 ലിറ്റർ സ്പിരിറ്റ്. വ്യാജമദ്യ നിർമാണത്തിനും ഷാപ്പിൽ കള്ളിൽ കലർത്താനും കൊണ്ടുപോയ സ്പിരിറ്റ് ആരാണ് കടത്തിയത്? പൊലീസിൻ്റെ അന്വേഷണം തുടരുകയാണ്.
©