vinayakan-case

യേശുദാസിനും അടൂര്‍ ഗോപാലകൃഷ്ണനും എതിരെ സമൂഹമാധ്യമത്തിലൂടെ നടത്തിയ അസഭ്യവര്‍ഷത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. മാപ്പ് പറഞ്ഞ് നിമിഷങ്ങള്‍ക്കകം മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന കുറിപ്പും വിനായകന്‍ പങ്കുവച്ചു. സിനിമ കോണ്‍ക്ലേവിലുണ്ടായ സംഭവങ്ങളുടെ പേരിലാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിനായകന്‍ അസഭ്യവര്‍ഷം നടത്തിയത്. ഒപ്പം യേശുദാസിനെയും വിമര്‍ശിച്ചു. ഇത് വാര്‍ത്തയായതിന് പിന്നാലെ ഒറ്റവാക്കില്‍ മാപ്പ് എന്നെഴുതി പങ്കുവച്ചു.  വൈകാതെ അധിക്ഷേപ പോസ്റ്റും പ്രത്യക്ഷപ്പെട്ടു.

 പ്രമുഖ മാധ്യമപ്രവര്‍ത്തകയെയും മാധ്യമസ്ഥാപനത്തെയുമാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിനായകന്‍ അധിക്ഷേപിച്ചത്. 'ഭീഷണി' എന്ന വാക്കിന്റെ അർത്ഥം അറിയാത്ത ചാനലുകള്‍... എന്നുപറഞ്ഞുതുടങ്ങുന്ന പോസ്റ്റില്‍ പുലഭ്യം എങ്ങനെ അസഭ്യമാകും എന്നാണ് വിനായകന്‍റെ ചോദ്യം. പോസ്റ്റ് വൈറലായതോടെ വിനായകന്‍റെ അധിക്ഷേപ പോസ്റ്റിനെ വിമര്‍ശിച്ച്  ഒട്ടേറെപ്പേരാണ്  രംഗത്തെത്തുന്നത്. വിമര്‍ശനം ആകാം എന്നാല്‍ അതിന് മാന്യമായ ഭാഷ ഉപയോഗിക്കണം എന്നാണ് കമന്‍റുകളില്‍ ഏറെയും. ജാതീയത പറഞ്ഞ് ഏതറ്റം വരെയും പോകുന്ന രീതി വിനായകന്‍ ഒഴിവാക്കണം എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വിനായകന്‍ തൊട്ടുമുന്‍പ് പങ്കുവച്ച മാപ്പ് അഡ്വാന്‍സായി പറഞ്ഞതാണോ എന്നും കമന്‍റുകള്‍ ഉയരുന്നുണ്ട്.

യോശുദാസിനും അടൂര്‍ ഗോപാലകൃഷ്ണനും എതിരെ മാത്രമല്ല പ്രമുഖര്‍ക്കെതിരെ വിനായകന്‍ മുന്‍പും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയിട്ടുണ്ട്. പട്ടികവിഭാഗങ്ങൾക്കും സ്ത്രീകൾക്കും സിനിമയെടുക്കാൻ ചലച്ചിത്ര വികസന കോർപറേഷൻ വഴി 1.5 കോടി രൂപ നൽകുന്നതിനുമുൻപ് തീവ്രപരിശീലനം നൽകണമെന്ന അടൂരിന്റെ വാക്കുകള്‍ വന്‍ചര്‍ച്ചയായിരുന്നു. ഈ വിഷയത്തിലാണ് അടൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി വിനായകന്‍ രംഗത്തെത്തിയത്. 

വെള്ളയിട്ട് പറഞ്ഞാൽ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ എന്നും ജുബ്ബയിട്ട് ചെയ്താൽ അടൂർ അസഭ്യമാകാതെ ഇരിക്കുമോ എന്നും ചോദിച്ചായിരുന്നു വിനായകന്‍റെ പോസ്റ്റ്. സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ?, സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ? സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും, എന്നും വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. 

ENGLISH SUMMARY:

Vinayakan apologizes for his abusive comments against Yesudas and Adoor Gopalakrishnan. However, shortly after, Vinayakan shared another post criticizing journalists.