ഡൽഹി എയിംസും ആലുവ രാജഗിരിയും ചികിത്സയ്ക്കായി കൈകോർത്തതോടെ അപൂർവ്വ ജനിതകരോഗം ബാധിച്ച കുഞ്ഞ് ജീവിതത്തിലേക്ക്. മെഥൈൽമലോണിക് അസിഡീമിയ ബാധിച്ച ന്യൂഡൽഹി ഓഖ്ലാ സ്വദേശിയായ കുഞ്ഞിനാണ് രാജഗിരി ആശുപത്രിയിൽ കരൾ മാറ്റിവെച്ചത്. രക്ത ഗ്രൂപ്പിലെ പൊരുത്തമില്ലായ്മ മറികടന്നായിരുന്നു ശസ്ത്രക്രിയ.
ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മലയാളിയായ ഡോ.ആർ.എസ്.ശരത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരു സന്ദേശം പങ്കിടുന്നു. രണ്ടുവയസ്സുള്ള ഒരു കുഞ്ഞിന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വൈദ്യസഹായം തേടിയുള്ളതായിരുന്നു അത്. ആലുവ രാജഗിരി ആശുപത്രിയിലെ കരൾ രോഗ വിദഗ്ധനായ ഡോ. സിറിയക് അബി ഫിലിപ്സ് സന്ദേശം കാണുന്നതോടെ ഉമർ എന്നുപേരുള്ള ആ കുഞ്ഞിനു മുന്നിൽ രക്ഷയുടെ വാതിൽ തുറന്നു.
മെഥൈൽമലോണിക് അസിഡീമിയ എന്ന അപൂർവ്വ ജനിതക രോഗമായിരുന്നു കുഞ്ഞിന്. ഭക്ഷണം കഴിച്ചാൽ ഉടനെ ഛർദി, പിന്നെ ബോധം നഷ്ടമാകുക. ജനിച്ച് മൂന്നാം നാൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളായിരുന്നു കുഞ്ഞിന്. കുഞ്ഞിന്റെ അമ്മ സാനിയ കയറിയിറങ്ങാത്ത ആശുപത്രികളില്ല. ഒടുവിൽ എയിംസിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് മെഥൈൽമലോണിക് അസിഡീമിയ എന്ന അപൂർവ്വ ജനിതക രോഗമാണെന്ന് കണ്ടെത്തിയത്. കരളിൽ ആവശ്യമായ എൻസൈമുകൾ ഉത്പാദിപ്പിക്കാൻ കഴിയാത്ത രോഗാവസ്ഥയാണിത്. എയിംസിലെ വിദ്ഗധരായ ഡോക്ടർമാരുടെ നിഗമനങ്ങളും, രാജഗിരിയിലെ ഡോക്ടർമാരുടെ കണ്ടെത്തലുകളും സമന്വയിപ്പിച്ചാണ് ശസ്ത്രക്രിയക്ക് വേണ്ട തയ്യാറെടുപ്പ് നടത്തിയത്. പൊരുത്തമില്ലാഞ്ഞിട്ടും അമ്മ സാനിയ കുഞ്ഞിന് കരൾ പകുത്ത് നൽകി.