തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണം കാണാതായതിൽ ഡോ ഹാരിസിനെ സംശയമുനയിൽ നിർത്തി മെഡിക്കൽ കോളേജ് അധികൃതരുടെ വാർത്തസമ്മേളനം. കാണാതായ ഉപകരണം ഡോക്ടർ ഹാരിസിന്റെ റൂമിൽ നിന്ന് കണ്ടെത്തിയെങ്കിലും പുതിയത് വാങ്ങിവച്ചതാണോ എന്ന സംശയം ജനിപ്പിക്കുന്നത് ആയിരുന്നു മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻ്റെ വാക്കുകൾ. ഡോ ഹാരിസിന്‍റെ മുറിയിൽ ആരോ അതിക്രമിച്ച് കയറിയതായി സംശയിക്കുന്നതായും ഇതരാണെന്നു കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നതായും പ്രിൻസിപ്പൽ പറഞ്ഞു. എന്നാല്‍ ഡോക്ടര്‍ ഹാരിസിനെ കുടുക്കാനുള്ള ശ്രമമാണോ ഇതെന്ന എന്ന സംശയം എല്ലാവർക്കും ഉള്ളതാണ് എന്നും അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തിൽ മുറി പരിശോധിച്ചത് മര്യാദയല്ലെന്നും കെജിഎംസിടിഎ പ്രതികരിച്ചു.
തന്നെ വ്യക്തിപരമായി അക്രമിക്കാനും കുടുക്കാനും ബോധപൂർവ്വം നടക്കുന്നതായുള്ള ഡോക്ടർ ഹാരിസിന്റെ ആരോപണത്തിന് പിന്നാലെയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും സംയുക്തമായി വാർത്ത സമ്മേളനം നടത്തിയത്. ഡോക്ടർ ഹാരിസിന്‍റെ മുറി പരിശോധിച്ചതായി പ്രിൻസിപ്പൽ സ്ഥിരീകരിച്ചു. രണ്ടുതവണ പരിശോധന നടത്തി. ഓഗസ്റ്റ് ആറിന് ആദ്യ പരിശോധന. അതിൽ തന്നെ കാണാതായ മോസിലോസ്‌കോപ്പ് എന്ന ഉപകരണം കണ്ടെത്തി. ഇന്നലെ വീണ്ടും പരിശോധന നടത്തിയപ്പോൾ ആദ്യ പരിശോധനയിൽ കാണാത്ത പുതിയൊരു പെട്ടി കണ്ടെത്തിയതായും അതിൽ നെഫ്രോസ്കോപ്പ് എന്ന മറ്റൊരു ഉപകരണവും മോസിലോസ്കോപ്പ് എന്ന ഉപകരണം വാങ്ങിയതിന്റെ ബില്ലും കണ്ടെത്തിയതായും പ്രിൻസിപ്പൽ പറയുന്നു.
ഇതിൽ അസ്വാഭാവികതയുണ്ടെന്നും അടച്ചിട്ട ഡോക്ടർ ഹാരിസിന്റെ മുറിയിൽ അതിക്രമിച്ച് കടന്നു ബില്ലും പുതിയ ഉപകരണവും കൊണ്ടുവച്ചതായി സംശയിക്കുന്നുവെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു. ഇതിലൂടെ ഡോക്ടർ ഹാരിസിന്റെ മുറിയിൽ നിന്നും കണ്ടെത്തിയ കാണാതായ ഉപകരണം പുതുതായി വാങ്ങി വെച്ചതാണോ എന്ന സംശയം ആണ് പ്രിൻസിപ്പലും സൂപ്രണ്ട് ഉണ്ടാക്കിയത്. ഇത്രയും ഗുരുതരമായ സംഭവം ഉണ്ടായിട്ടും എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ല എന്ന് ചോദ്യത്തിന് പ്രിൻസിപ്പലിനും സൂപ്രണ്ടിനും കൃത്യമായ മറുപടിയില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ വലഞ്ഞ പ്രിൻസിപ്പലിനും സൂപ്രണ്ടിനും വാർത്താസമ്മേളനത്തിനിടെ ഫോൺ കോളുകളിലൂടെ നിർദേശങ്ങൾ ലഭിച്ച് കൊണ്ടിരുന്നതും ദുരൂഹം. ഉന്നതങ്ങളിൽ നിന്നുള്ള വിളികൾ ആണെന്നാണ് സംശയം.
ഡോക്ടർ ഹാരിസിന്റെ മുറിയിൽ ആരെങ്കിലും അതിക്രമിച്ചു കയറിയിട്ടുണ്ടെങ്കിൽ സ്വതന്ത്ര അന്വേഷണം വേണമെന്നു കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടു. ഡോക്ടർ ഹാരിസിനൊപ്പം നിൽക്കുമെന്നും വൈകിട്ട് യോഗം ചേർന്ന് വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ തീരുമാനിക്കുമെന്നും കെ ജി എം സി ടി എ ഭാരവാഹികൾ അറിയിച്ചു.