എറണാകുളം കലക്ട്രേറ്റിന്റെ പടിയിറങ്ങുമ്പോൾ എൻഎസ്കെ ഉമേഷ് ഒപ്പം കരുതിയത് ഒരമൂല്യ നിധിയായിരുന്നു. എറണാകുളത്തോട് കടലോളം സ്നേഹം സൂക്ഷിക്കുന്ന ഉമേഷ് കലക്ടർ പദവി ഒഴിഞ്ഞപ്പോൾ ഓഫീസ് മുറിയിൽ നിന്ന് തൻ്റേതായി കൈയിലെടുത്ത വസ്തുവിനോട് ഏറെ വൈകാരിക ബന്ധമുണ്ട്.
പുതിയ കലക്ടറിന് കസേര ഒഴിഞ്ഞ് കൊടുക്കുന്നതിന് ഒരാഴ്ച മുൻപേ തന്നെ, തന്റെ വസ്തുക്കൾ ചേമ്പറിൽ നിന്ന് എടുത്തുമാറ്റിയിരുന്നു എൻ.എസ്.കെ.ഉമേഷ്. പക്ഷേ, പോകുന്ന ദിവസം കൂടെ കൂട്ടാൻ ഒരു വസ്തു മാത്രം മാറ്റിവച്ചു. സമ്മാനമായി കിട്ടിയ ഒരു രേഖാ ചിത്രത്തിന് ഇത്രമാത്രം മൂല്യമുണ്ടോ? അതിനുള്ള മറുപടി എൻ.എസ്.കെ.ഉമേഷ് എന്ന എ.ആർ.റഹ്മാന്റെ ഫാൻ ബോയ് പറയും.
പഠനത്തിലും പ്രണയത്തിലും തൊഴിലിലും റഹ്മാൻ പാട്ടുകളെ കൂട്ടുപിടിച്ചയാൾ, രണ്ടുവർഷത്തെ കലക്ടർ ഉദ്യോഗത്തിന് ശേഷം എറണാകുളത്തുനിന്നും മടങ്ങുമ്പോൾ ജില്ലയോട് നന്ദി പറയുന്നതും റഹ്മാൻ പാട്ടിലൂടെ.