പാലക്കാട്ടെ സ്കൂളിലെത്തുന്ന പാമ്പുകൾ ഇനിയൊരു പാഠം പഠിക്കും. പാമ്പുകളെ എങ്ങനെ പിടിക്കാമെന്ന പരിശീലനം നേടി അതിന് തയ്യാറെടുക്കുന്ന ഉദ്യമത്തിലാണ് അധ്യാപകർ. ഈ മാസം 11 നു വനംവകുപ്പ് ഉദ്യോഗസ്ഥർ അധ്യാപകർക്ക് പരിശീലനം നൽകും...
മിക്ക ദിവസങ്ങളിലും പാലക്കാട്ടു നിന്നു പാമ്പുകടിയുടെ വാർത്ത കേൾക്കാമായിരുന്നു. കാടിനോടു ചേർന്നും വയലിൽ നിന്നുമൊക്കെ. ഓരോ വർഷവും കേരളത്തിൽ 100 പേരെങ്കിലും പാമ്പ് കടിയേറ്റ് മരിക്കുന്നുണ്ടെന്നായിരുന്നു കണക്ക്. കൂടുതലും പാലക്കാട്. പരുക്കേൽക്കുന്നവരുടെ എണ്ണം 400 കടക്കും. എന്നാൽ സ്ഥിതി ഇന്ന് ആശ്വാസകരമാണ്. നൂറെന്നത് 25 ൽ താഴേയായി. വനം വകുപ്പിന്റെ സർപ്പആപ്പും പരിശീലനവുമൊക്കെയാണ് കാരണം
അതിനിടെയാണ് അധ്യാപകർക്ക് കൂടി പാമ്പ് പരിശീലനം നൽകാൻ വകുപ്പ് ഒരുങ്ങുന്നത്. അധ്യാപകർ താല്പര്യം അറിയിച്ചപ്പോഴാണ് നീക്കം. 2019 ൽ വയനാട്ടിൽ പത്തുവയസുകാരി സ്കൂളിൽ പാമ്പ് കടിയേറ്റ് മരിച്ചതും പലസ്കൂളുകളിലും പാമ്പിനെ കണ്ടെത്തിയതുമൊക്കെയാണ് തീരുമാനത്തിന് പിന്നിൽ. പാമ്പിനെ കണ്ടാൽ സ്നേക് റെസ്‌ക്യൂവറേ കാത്തിരിക്കാതെ അധ്യാപകർക്കുതന്നെ കാര്യം ഡീൽ ചെയ്യാം വരുന്ന 11 ന് ഒലവക്കോടിലെ ആരണ്യഭവനിലാണ് പരിശീലനം. എങ്ങനെ പാമ്പിനെ പിടികൂടാം, എങ്ങനെ സുരക്ഷിതമായി തുറന്നുവിടാം അങ്ങനെ എല്ലാം ക്യാമ്പിൽ പഠിപ്പിക്കും. സംസ്ഥാനത്ത് ആദ്യമായാണ് അധ്യാപകർക്ക് പരിശീലനം. എല്ലാം കൂടിയാകുമ്പോൾ പാമ്പ് മൂലമുള്ള അപകടം പൂർണമായി മാറ്റാനാകുമെന്നാണ് വിലയിരുത്തൽ