കരിപ്പൂർ വിമാനാപകടം നടന്നിട്ട് ഇന്നേക്ക് അഞ്ചു വർഷം. കരിപ്പൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഇതുവരെയും ലഭിച്ചില്ല. അപകട സമയത്ത് രക്ഷാകരങ്ങളുമായി എത്തിയ നാട്ടുകാർക്ക് അപകടത്തിൽപ്പെട്ടവർ നിർമിച്ചു നൽകുന്ന പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി വരികയാണ്.
189 യാത്രക്കാരെയുമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തെന്നിമാറി 40 അടിയോളം താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരിച്ചത് 21 പേർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പത്തു ലക്ഷം രൂപ കുടുംബങ്ങൾക്ക് കൈമാറി. കേന്ദ്രസർക്കാർ പറഞ്ഞ പത്തുലക്ഷം രൂപ എയർ ഇന്ത്യ എക്സ്പ്രസ് ആദ്യം നൽകിയെങ്കിലും പിന്നീട് ഇൻഷുറൻസ് തുക ലഭിച്ചപ്പോൾ ആദ്യം കൈമാറിയ 10 ലക്ഷം കുറച്ച് ബാക്കി തുകയാണ് നൽകിയത്.
പരുക്കേറ്റ പലർക്കും ഇപ്പോൾ ലഭിച്ച നഷ്ടപരിഹാര തുക കൊണ്ട് തുടർ ചികിത്സയ്ക്ക് കഴിയുന്നില്ലെന്ന് പരാതിയുണ്ട്. കോവിഡിന്റെ തുടക്കകാലമായിട്ടും എല്ലാം മറന്ന് അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ആത്മാർഥമായി പരിശ്രമിച്ച കരിപ്പൂരിലെ നാട്ടുകാർക്ക് 30 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ ആശുപത്രി കെട്ടിടം നിർമിച്ചു നൽകുന്നത്. പുതിയ ആശുപത്രി കെട്ടിടം അടുത്തമാസം നാടിനു സമർപ്പിക്കും.