വെളിച്ചെണ്ണ വില സ്വര്‍ണംപോലെ കുതിച്ചുയരുന്നതിനിടെ ആലുവയില്‍ കടയുടെ പൂട്ടുതല്ലിപ്പൊളിച്ച് 30 വെളിച്ചെണ്ണക്കുപ്പികള്‍ കവര്‍ന്നു. ആലുവ പാലത്തിന് സമീപം പുത്തന്‍പുരയില്‍ അയൂബിന്‍റെ കടയിലാണ് മോഷണം നടന്നത്. ഒരു ലീറ്റര്‍ മുന്തിയ ഇനം വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറ് രൂപയില്‍ കൂടുതലാണ് വില. കടയുടെ തറ തുരന്നു കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് നേരെ കണ്‍മുന്നില്‍ കണ്ട വെളിച്ചെണ്ണ കുപ്പികള്‍ ചാക്കിലാക്കുകയായിരുന്നു. ഫ്രിജില്‍ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് ക്ഷീണമകറ്റിയ കള്ളന്‍ വെളിച്ചെണ്ണയ്ക്കൊപ്പം പത്ത് പായ്ക്കറ്റ് പാലും ഒരു പെട്ടി ആപ്പിളും മോഷ്ടിച്ചു. ഇറങ്ങാന്‍ നേരത്ത് സിസിടിവി ക്യാമറയുള്ളത് ശ്രദ്ധയില്‍പ്പെട്ടതോടെ കേബിളും അറുത്തു മുറിച്ചാണ് സ്ഥലം വിട്ടത്.