തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് സിറ്റി പദ്ധതിയില്‍ വീണ്ടും വിവാദം. റോഡുകളില്‍ സ്ഥാപിച്ച കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. അനാവശ്യമായി വാഹനയാത്രക്കാര്‍ക്ക് പിഴയീടാക്കുന്നതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. കാമറകള്‍ക്ക് പ്രശ്നമില്ലെന്നും അനാവശ്യ പിഴ ഒഴിവാക്കേണ്ടത് പൊലീസാണെന്നും സ്മാര്‍ട് സിറ്റി കോര്‍പ്പറേഷന്‍ മറുപടി നല്‍കി.
തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് റോഡിനേക്കുറിച്ച് ഇതിന് മുന്‍പും കേട്ടിട്ടുണ്ട്. പരാതി പറഞ്ഞ് പറഞ്ഞ് ഒടുവില്‍ റോഡെല്ലാം സ്മാര്‍ട്ടായി. റോഡ് സ്മാര്‍ട്ടാക്കിയപ്പോള്‍ കുറച്ച് നിരീക്ഷണ കാമറകള്‍ കോര്‍പ്പറേഷന് സ്ഥാപിച്ചിരുന്നു. ആ ക്യാമറകളൊന്നും സ്മാര്‍ട്ടല്ലെന്നാണ് പുതിയ പരാതി.
38 കോടി മുടക്കി 100 ജങ്ഷനുകളിലായി 900 ലധികം ക്യാമറ. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ്, ബൈക്കിലെ ട്രിപ്പിള്‍സ് തുടങ്ങിയവ പിടിക്കാനും നഗരത്തിന്‍റെ നിരീക്ഷണവുമാണ് ലക്ഷ്യം. എന്നാല്‍ കാമറ അത്ര പോരെന്നാണ് പൊലീസിന്‍റെ പരാതി. എടുക്കുന്ന ചിത്രങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ വാഹന നമ്പര്‍ തെറ്റുന്നു, ബൈക്കില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം കൈക്കുഞ്ഞ് ഇരുന്നാല്‍ പോലും അത് ഓവര്‍ലോഡിങ്ങാണെന്ന് പറഞ്ഞ് ഫോട്ടോയെടുക്കുന്നു. ട്രാഫിക് ജങ്ഷനുകളില്‍ റെഡ് സിഗ്നല്‍ വീഴുമ്പോള്‍ സീബ്രാ ലൈനിന് ഒരടി മുന്നോട്ട് നീങ്ങിയാല്‍ പോലും നിയമലംഘനമായി കണക്കാക്കുന്നു. അതിനാല്‍ നിയമംലംഘിക്കാതെ പിഴ നോട്ടീസ് ലഭിക്കുന്നവരുടെയെണ്ണം കൂടിയെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍, സ്മാര്‍ട് സിറ്റി കോര്‍പ്പറേഷന്‍ സി.ഇ.ഒയ്ക്ക് കത്തയച്ചു. പ്രശ്നം പരിഹരിച്ചില്ലങ്കില്‍ കാമറ കൊണ്ട് പ്രയോജനമില്ലെന്നായിരുന്നു കത്ത്. അതിന് സ്മാര്‍ട് സിറ്റി നല്‍കിയതോ വിചിത്ര മറുപടി. 98 ശതമാനം കാമറയും പെര്‍ഫെക്ട് ഓകെയെന്നാണ് സ്മാര്‍ട് സിറ്റിയുടെ വാദം. ചിത്രങ്ങള്‍ക്ക് വ്യക്തതയില്ലാത്തത് മഴയോ പൊടിയോ കാരണമാകാം. നിയമംലംഘിക്കാത്തവരെ ക്യാമറ പിടിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നോട്ടീസ് അയക്കാതെ നോക്കേണ്ടത് പൊലീസാണ്. കാമറയ്ക്ക് വിവേചന ബുദ്ധിയില്ല, അതിനാല്‍ ഫോട്ടോ നോക്കി പൊലീസ് വിവേചന ബുദ്ധി കാണിക്കണമെന്നുമാണ് മറുപടി.