സി എസ് ഐ സഭ കൊല്ലം-കൊട്ടാരക്കര മഹാ ഇടവകയുടെ രണ്ടാമത്തെ ബിഷപ്പായി റൈറ്റ് റവറന്റ് ജോസ് ജോർജ് സ്ഥാനമേറ്റു. കൊല്ലം കത്രീഡൽ പള്ളിയിൽ വിപുലമായ ചടങ്ങുകളോടെയായിരുന്നു സ്ഥാനാരോഹണം. സിഎസ്ഐ മോഡറേറ്റർ മോസ്റ്റ് റവറന്റ് ഡോക്ടർ കെ രൂബൻ മാർക്ക് സ്ഥാനരോഹന ചടങ്ങിന് നേതൃത്വം നൽകി.
സഭാ വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ മുതിർന്ന ബിഷപ്പുമാരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. സ്ഥാന വസ്ത്രവും അംശവടിയും മുദ്രമോദിരവും ഏറ്റു വാങ്ങി ബിഷപ് റൈറ്റ് റവറന്റ് ജോസ് ജോർജ് സ്ഥാനാരോഹിതനായി.
ബിഷപ്പ് റൈറ്റ് റവറന്റ് ജോസ് ജോർജിന് ഈ നിയോഗം വൈദിക ജീവിതത്തിലെ പുതിയ അധ്യായമാണ്. കൊല്ലം ആയൂർ അസുരമംഗലം ഇടവകാംഗമായ അദ്ദേഹം സിഎസ്ഐ സഭയുടെ യുവജന പ്രസ്ഥാനങ്ങളിലും അനുബന്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കൊല്ലം കത്രീഡൽ വികാരിയായിരിക്കെ ചെന്നൈയിലെ സിനഡ് ആസ്ഥാനത്ത് നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിലായിരുന്നു ബിഷപ്പ് പ്രഖ്യാപനം. കേരളത്തിലെ ആറ് മഹായിടവകയിൽ ഒന്നാണ് കൊല്ലം-കൊട്ടാരക്കര മഹായിടവക. 2015ൽ രൂപീകൃതമായ മഹായിടവകയുടെ പ്രഥമ ബിഷപ്പായ റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ് ബിഷപ്പിന്റെ പിന്തുടർച്ചയായാണ് പുതിയ ബിഷപ്പിന്റെ നിയമനം.