Untitled design - 1

സ്കൂൾ പാചക തൊഴിലാളികള്‍ക്ക് അഞ്ചാം തീയതിക്ക് മുൻപ് ഓണറേറിയം നൽകുന്ന കാര്യം ധനകാര്യ വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ തീരുമാനിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽ പോലും സംസ്ഥാന വിഹിതം മാത്രം ഉപയോഗിച്ച് ഓണറേറിയം വിതരണം ചെയ്യുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

സ്കൂൾ പാചക തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കി ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. പാചക തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ കൈക്കൊണ്ട പ്രധാന തീരുമാനങ്ങൾ ഇനി പറയുന്നവയാണ്.

 1. ഓണറേറിയം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് നൽകുന്ന കാര്യം ധനകാര്യ വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ തീരുമാനിച്ചു. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽ പോലും സംസ്ഥാന വിഹിതം മാത്രം ഉപയോഗിച്ച് ഓണറേറിയം വിതരണം ചെയ്യും.

 2. നിലവിൽ 300:1 എന്ന അനുപാതത്തിൽ പാചക തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

 3. പാചക തൊഴിലാളികളുടെ വിരമിക്കൽ പ്രായം 65 വയസ്സായി നിശ്ചയിച്ചു. വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് രേഖാമൂലം അഭിപ്രായം നൽകാൻ ട്രേഡ് യൂണിയനുകൾക്ക് നിർദ്ദേശം നൽകി.

 4. പാചക തൊഴിലാളികൾക്ക് യൂണിഫോമും തിരിച്ചറിയൽ കാർഡും നൽകാൻ ഉച്ചഭക്ഷണ കമ്മിറ്റിയ്ക്ക് നിർദ്ദേശം നൽകും.

 5. അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിൽ പാചക തൊഴിലാളികളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി.

 6. മിനിമം വേജസിന്റെ പരിധിയിൽ നിന്നും സ്കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുനഃപരിശോധിക്കാൻ ലേബർ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

 7. കഴിഞ്ഞ വർഷം നൽകിയതിൽ കുറവ് വരുത്താതെ പാചക തൊഴിലാളികൾക്ക് ഓണക്കാലത്ത് ഈ വർഷവും ഓണറേറിയം നൽകും. 

ENGLISH SUMMARY:

Kerala School Cooks to Receive Honorarium by 5th of Every Month