ഡിജിറ്റല്‍ സര്‍വകലാശാലയില്‍ സ്ഥിരം വിസി നിയമനത്തിനായുള്ള ഒാര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. ഡോ. സിസ തോമസിനെ താല്‍ക്കാലിക വിസി സ്ഥാനത്തു നിന്ന് നീക്കാന്‍കൂടിയാണ് തിരക്കിട്ട് ഒാര്‍ഡിനന്‍സ് കൊണ്ടുവന്നത്. അതേസമയം സാങ്കേതിക സര്‍വകലാശാലയില്‍ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി. വിസി വിളിച്ച ഫിനാന്‍സ് കമ്മറ്റി യോഗം ക്വാറമില്ലാതെ പിരിഞ്ഞതോടെ ശമ്പളം പോലും മുടങ്ങും.
ഡോ. സിസ തോമസ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ താല്‍ക്കാലിക വിസിയായി തുടരുന്നതില്‍ സര്‍ക്കാരിന് തീരെ താല്‍പര്യമില്ല. സര്‍ക്കാര്‍ നല്‍കിയ പാനല്‍ അവഗണിച്ചാണ് ഗവര്‍ണര്‍ സിസ തോമസിനെ വീണ്ടും വിസി സ്ഥാനത്ത് നിയമിച്ചത്. ഡിജിറ്റല്‍ സര്‍വകലാശാലയില്‍ 1500 കോടിയുടെ ക്രമക്കേടുണ്ടെന്നും എ.ജി.ഓഡിറ്റ് വേണമെന്നും കാണിച്ച് സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് നേരിട്ടുള്ള കടന്നാക്രമണമായിട്ടാണ് സര്‍ക്കാര്‍കാണുന്നത്. മുഖ്യമന്ത്രിയാണ് സര്‍വകലാശാലയുടെ പ്രോ ചാന്‍സലര്‍. സ്ഥിരം വിസി നിയമനത്തിനായുള്ള ഒാര്‍ഡിനന്‍സ് ഉടന്‍ ഗവര്‍ണരുടെ അനുമതിക്കായി അയക്കും. സുപ്രീം കോടതി വിധി അനുസരിച്ചാണ് സ്ഥിരം വിസി നിയമനത്തിന് നടപടി എടുക്കുന്നതെന്നാണ് സര്‍ക്കാര്‍നിലപാട്. സര്‍ച്ച് കമ്മറ്റി രൂപീകരണം ഉള്‍പ്പെടയുള്ളവയില്‍ ഒാര്‍ഡിനന്‍സ് മാറ്റം ശുപാര്‍ശചെയ്യുന്നു. ഗവര്‍ണര്‍ ഒാര്‍ഡിനന്‍സ് അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും പോര് കടുക്കും. അതേസമയം സാങ്കേതിക സര്‍വകലാശാലയില്‍സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഗവര്‍ണര്‍നിയമിച്ച താല്‍ക്കാലിക വിസി ഡോ. കെ.ശിവപ്രസാദ് വിളിച്ച ഫിനാന്‍സ് കമ്മറ്റി യോഗം ക്വാറമില്ലാതെ പിരിഞ്ഞു. ഇതോടെ ജീവനക്കാരുടെ ശമ്പളം മുതല്‍വാഹനങ്ങളുടെ ഇന്ധനവും ഇന്‍ഷ്വറന്‍സും വരെ മുടങ്ങുന്ന സ്ഥിതിയാണ്.