സിനിമാ കോണ്‍ക്ലേവ് വിവാദത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. സിനിമയെടുക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഒന്നരക്കോടി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കണമെന്നാണ് അടൂര്‍ പറഞ്ഞത്. അതില്‍ തെറ്റില്ലെന്നും അടൂര്‍ ദലിതരെയോ സ്ത്രീകളെയോ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അടൂരിനെതിരായ പരാതിയില്‍ നിയമപദേശം തേടാൻ പൊലീസ് തീരുമാനിച്ചു
സിനിമയെടുക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഒന്നരക്കോടി രൂപ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതില്‍ ഒരുതെറ്റുമില്ലെന്ന് സിനിമാ കോണ്‍ക്ലേവ് സമാപനവേദി പങ്കിട്ട മുതിര്‍ന്ന ചലച്ചിത്രകാരന്‍ ശ്രീകുമാരന്‍ തമ്പി. ദലിതരെയോ സ്ത്രീകളെയോ അദ്ദേഹം അപമാനിച്ചിട്ടില്ല. അടൂര്‍ സംസാരിക്കുമ്പോള്‍ തടയാന്‍ പുഷ്പാവതി ആരാണ്. സര്‍ക്കാര്‍ ഒന്നരക്കോടി നല്‍കിയ നാല് സിനിമകളും താന്‍ കണ്ടിട്ടുണ്ട്. നാലിനും ഒന്നരക്കോടിയുടെ നിര്‍മാണ ഗുണമില്ലെന്നും. അടൂരിന്‍റെ ചാല പരാമര്‍ശത്തെയും ശ്രീകുമാരന്‍ തമ്പി ശരിവച്ചു. സെക്സ് സീനുകള്‍ കാണാന്‍ ചലചിത്രമേളയിലേക്ക് തള്ളിക്കയറ്റം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
അടൂരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെതി. ചിലരില്‍ ഫ്യൂഡല്‍ ചിന്ത വളരുന്നതിന്റെ തെളിവാണ് അടൂരിന്റെ പ്രതികരണം. അങ്ങനെ പറഞ്ഞില്ലെന്ന് അടൂര്‍ പറഞ്ഞാലും സമൂഹം അംഗീകരിക്കില്ല. ജനങ്ങളെ ജാതിയുടെ പേരില്‍ വേര്‍തിരിച്ചു കാണേണ്ടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. അടൂരിനെതിരെ വിമര്‍ശനവുമായി കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാറും രംഗത്തെതി. അടൂരിനെപ്പോലുള്ളവര്‍ക്ക് ഇനി വേദി നല്‍കരുത്. സര്‍ക്കാരിന്റേത് അടൂരിന് അനൂകൂല നിലപാടെന്നും അത് അംഗീകരിക്കാനാവില്ലെന്നും പുന്നല പറഞ്ഞു.
അതേസമയം അടൂനെതിരെ പൊതുപ്രവർത്തകൻ ദിനു വെയില്‍ മ്യൂസിയം പൊലീസിൽ നല്‍കിയ പരാതിയില്‍ ആശയക്കുഴപ്പം തുടരുന്നു. നിയമപദേശം തേടാൻ പൊലീസ് തീരുമാനിച്ചു. അടൂരിന്‍റെ പരാമർശം പട്ടികജാതി വർഗ്ഗ വിഭാഗങ്ങളെ മോഷ്ടാക്കളാക്കാനും ആക്ഷേപിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നതാണ് പരാതിയില്‍. പിന്നാക്ക വിഭാഗത്തിനുള്ള താനും അപമാനിക്കപ്പെട്ടതായും ദിനു പരാതിയിൽ ആരോപിക്കുന്നു.
പട്ടികജാതി വർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യംപരാതി മ്യൂസിയം പൊലീസ് തിരുവനന്തപുരം സിറ്റി ഡിസിപിക്ക് കൈമാറിയിരുന്നു. അദ്ദഹമാണ് ജില്ലാ പ്രൊസിക്യൂട്ടറുടെ പരിഗണനയ്ക്ക് വിട്ടത്. നിയമോപദേശം ഇന്നോ നാളെയോ ലഭിക്കും. അതിനുശേഷമേ അടൂരിനെതിരെ കേസെടുക്കുന്നത് തീരുമാനിക്കൂ.