സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്ക് സാധ്യത. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് നൽകി. മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ടാണ്. എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയില്‍ എറണാകുളത്ത് വെള്ളക്കെട്ടുണ്ടായി. പേട്ടയില്‍ വെള്ളക്കെട്ട് രൂക്ഷം. പേട്ട–മരട് റോഡ് വെള്ളക്കെട്ടില്‍ മുങ്ങി. മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടതായി വന്നാൽ, തൊടുപുഴയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ട്. മൂവാറ്റുപുഴയാറിന്റെ ഇരു കരകളിലും താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.
ബുധനാഴ്ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എന്നാല്‍ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലര്‍ട്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉയര്‍ന്ന തിരമാലകള്‍ കാരണം തിരുവനന്തപുരം, കൊല്ലം ജില്ലയുടെ തീരങ്ങള്‍ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാത്രി 8.30 വരെ 1.7 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകളുണ്ടാകും. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ജില്ലയിലെ ആലപ്പാട്ട് മുതൽ ഇടവ വരെയും തീരങ്ങളിലാണ് മുന്നറിയിപ്പ്. കന്യാകുമാരി തീരത്ത് വൈകീട്ട് 5.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ട്. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.