സംസ്ഥാനത്ത് തൃശൂർ പാലക്കാട് ജില്ലകളിൽ കനത്ത മഴ. ചേലക്കരയിൽ മലവെള്ളപ്പാച്ചിൽ. ഷൊർണൂരിൽ ഇറിഗേഷൻ ഓഫീസിൽ വെള്ളം കയറി. തൃശൂരിൽ നഗരപ്രദേശങ്ങളിലും മലയോര മേഖലയിലും ശക്തമായ മഴ. ചേലക്കരയിൽ മലവെള്ളപ്പാച്ചിലിൽ വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിൽ ആറ്റൂർ കമ്പനിപ്പടി പ്രദേശത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇക്കണ്ട വാര്യർ റോഡിലും മുരിങ്ങൂരിൽ അടിപ്പാത നിർമ്മാണം നടക്കുന്നിടത്തും വെള്ളക്കെട്ട്. അശ്വിനി ആശുപത്രിയുടെ സമീപത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റി പാർപ്പിച്ചു.
പാലക്കാട് ഷൊർണൂരിൽ ശക്തമായ മഴയിൽ ഇറിഗേഷൻ ഓഫീസിനകത്ത് വെള്ളം കയറി. മണ്ണാർക്കാട് തെങ്കര കാഞ്ഞിരം റോഡിൽ കോൽപാടം ക്രോസ് വേ നിറഞ്ഞൊഴുകി.അലനല്ലൂർ എടത്തനാട്ടുകര കണ്ണംകുണ്ട് പാലത്തിലും വെള്ളം കയറി. രണ്ടു സ്ഥലത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഒറ്റപ്പാലം പനയൂരിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ഇത് ഉരുൾപൊട്ടലിന്റെ ഫലമാണോയെന്ന് നാട്ടുകാർക്ക് സംശയമുണ്ട്. പല വീടുകളിലും വെള്ളം കയറുകയും, മുറ്റത്ത് മണ്ണും കല്ലും നിറയുകയും ചെയ്തതോടെ ആളുകൾ ഭയന്ന് വീടുകളിൽ നിന്ന് ഇറങ്ങിയോടി.