kochi-floods-taxi-drain

രാത്രിയിലെ തോരാമഴയില്‍ എറണാകുളമെന്ന പേര് അന്വര്‍ഥമാക്കി നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട്. റോഡും ഓടയും തിരിച്ചറിയാന്‍ കഴിയാത്തവിധം വെള്ളക്കെട്ട് രൂക്ഷമായ പേട്ടയില്‍ ടാക്സി കാര്‍ ഒഴുക്കില്‍പ്പെട്ടു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടും സ്കൂളുകള്‍ക്ക് അവധി നല്‍കാതിരുന്നതോടെ വിദ്യാര്‍ഥികള്‍ക്കും ദുരിതം.

എറണാകുളമെന്ന പേരിട്ട ആള്‍ക്ക് സ്വര്‍ണ തളിക നല്‍കണം. ആയിരം പേര്‍ കാര്‍ക്കിച്ച് തുപ്പിയാല്‍ കൊച്ചിയില്‍ വെള്ളക്കെട്ടാണ്. മുന്‍പെങ്ങും ഇല്ലാത്ത വിധമാണ് പേട്ടയില്‍ തുടര്‍ച്ചയായ മഴയില്‍ വെള്ളംകയറിയത്. സ്കൂളിലേക്കിറങ്ങിയ വിദ്യാര്‍ഥികളും മാതാപിതാക്കളും 'ക്ഷ' വരച്ചു. റെഡ് അലര്‍ട്ടുണ്ടായിട്ടും അവധി നല്‍കാത്ത കലക്ടറോടും അമര്‍ഷം.

റോഡും ഓടയും തിരിച്ചറിയാന്‍ കഴിയാതെ വെള്ളം നിറഞ്ഞ താമരശേരി റോഡിലാണ് യൂബര്‍ ടാക്സി ഒഴുക്കില്‍പ്പെട്ടത്. റോഡെന്ന കരുതിയെടുത്ത കാര്‍ സമീപത്തെ ഓടയില്‍ മുങ്ങിത്താഴ്ന്നു. രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് തോപ്പുംപടി സ്വദേശിയായ ഡ്രൈവര്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കി.

നാല് മണിക്കൂര്‍ നീണ്ട നാട്ടുകാരുടെ പരിശ്രമത്തിനൊടുവിലാണ് കാര്‍ ഓടയില്‍ നിന്ന് പുറത്തെടുത്തത്. കൊച്ചി കോര്‍പ്പറേഷന്‍റെയും മരട് നഗരസഭയുടെയും അതിര്‍ത്തിയിലുള്ള പ്രദേശത്ത് ഈ ദുരിതം തുടങ്ങിയിട്ട് വര്‍ഷമേറെയായി. പരിഹാരം കാണാനുള്ള ആത്മാര്‍ഥത ജനപ്രതിനിധികള്‍ക്കും ജില്ലാ ഭരണകൂടത്തിനില്ലാത്തതിനാല്‍ അനുഭവിക്കുന്നതത്രയും നാട്ടുകാരാണ്.