എറണാകുളം അരയൻകാവിലെ ചന്ദ്രികയുടെ മരണത്തിലെ ദുരൂഹതയവസാനിച്ചു. ചന്ദ്രികയുടേത് ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു. കൊലപാതകം എന്നായിരുന്നു നാട്ടുകാരുടെ ആരോപണം. എന്നാൽ തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. അതേസമയം, ആത്മഹത്യ ചെയ്യാൻ എന്തെങ്കിലും തരത്തിൽ പ്രേരണ ഉണ്ടായോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ രാവിലെയാണ് ചന്ദ്രികയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന്‍റെ തലേന്ന് മകൻ ചന്ദ്രിയെ മർദ്ദിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം. തുടർന്ന് മകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്നലെ രാവില ആറരയോടെയാണ് ചന്ദ്രിക മരിച്ചതായി മകൻ അയല്‍ക്കാരെ അറിയിക്കുന്നത്. കട്ടിലിൽ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. സാരിയിൽ തൂങ്ങിയാണ് മരിച്ചതെന്നും താനാണ് താഴെ എടുത്തു കിടത്തിയത് എന്നുമായിരുന്നു മകന്റെ വിശദീകരണം. എന്നാൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫൊറൻസിക് സംഘത്തിന്റെയും, വിരലടയാള വിദഗ്ധരുടെയും പരിശോധനക്കും, പ്രാഥമിക ചോദ്യം ചെയ്യുന്നതിനു ശേഷമാണ് മകൻ അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്.
ലഹരിക്കടിമയായ മകൻ അമ്മയെ നിരന്തരം മർദ്ദിക്കാറുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നുമായിരുന്നു നാട്ടുകാരുടെ ആരോപണം. മകൻ കൊലപ്പെടുത്തിയതാകാമെന്നും, മൃതദേഹത്തിന്റെ കിടപ്പ് കണ്ടിട്ട് തൂങ്ങിമരിച്ചതാകാൻ സാധ്യതയില്ലെന്നുമാണ് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് മറ്റ് നടപടികടിലേക്കു കടക്കാന്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയായിരുന്നു പൊലീസ്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ ചന്ദ്രികയുടേത് തൂങ്ങിമരണമാണെന്ന് തെളിയുകയായിരുന്നു. ചന്ദ്രികയുടെ ഭർത്താവ് അംബുജാക്ഷൻ ഏതാനും വർഷം മുമ്പ് അപകടത്തിൽ മരിച്ചിരുന്നു.