chandrika-death

എറണാകുളം അരയന്‍കാവില്‍ ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയ ചന്ദ്രികയെ മകന്‍ അഭിജിത് കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍. അമ്മയെ ആക്രമിക്കുന്നത് പതിവാണ്, ശാരീരികമായും മാനസികമായും കടുത്ത പീഡനമാണ് ചന്ദ്രിക നേരിട്ടതെന്നും നാട്ടുകാര്‍ പറയുന്നു. പലതവണ മകനെതിരെ ചന്ദ്രികയും നാട്ടുകാരും പരാതിപ്പെട്ടിട്ടുണ്ട്. ‘സോജന്‍ചേട്ടാ ഓടിവാ, അമ്മ തൂങ്ങിക്കിടക്കുന്നുവെന്ന് പറഞ്ഞ് അഭിജിത് രാവിലെ അയല്‍ക്കാരനെ വിളിച്ചറിയിച്ചപ്പോഴാണ് ചന്ദ്രികയുടെ മരണം നാട്ടുകാര്‍ അറിയുന്നത്. 

വീട്ടില്‍ ചെന്നുനോക്കിയപ്പോള്‍ സാരിത്തുമ്പ് തറയില്‍ കിടക്കുന്നതാണ് കണ്ടത്. സാരിയിൽ തൂങ്ങിയാണ് മരിച്ചതെന്നും താനാണ് താഴെ എടുത്തു കിടത്തിയത് എന്നുമായിരുന്നു മകന്റെ വിശദീകരണം. എന്നാല്‍ നാട്ടുകാര്‍ക്ക് സംശയങ്ങളേറെയാണ്, സാരിക്കെട്ട് മുറുകിയിട്ടില്ല, മൂക്കില്‍ നിന്നും രക്തം വന്നിരുന്നു, കൈ മലച്ച്, കാലുകള്‍ അകന്ന നിലയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. കട്ടിലില്‍ കയറിയാല്‍ പോലും ചന്ദ്രികയ്ക്ക് അത്രയും ഉയരത്തില്‍ സാരികെട്ടി ജീവനൊടുക്കാനാവില്ലെന്നും നാട്ടുകാര്‍ ഉറപ്പിക്കുന്നു. സംഭവത്തില്‍ അഭിജിത്തിനെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. 

അരയൻകാവ് വെളുത്താൻകുന്ന് അറയ്ക്കപ്പറമ്പിൽ ചന്ദ്രിക മരിച്ചതായി മകൻ ഇന്നലെ രാവിലെ ആറരയോടെയാണ് അയൽക്കാരെ അറിയിക്കുന്നത്. കട്ടിലിൽ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.  ഫൊറൻസിക് സംഘത്തിന്റെയും, വിരലടയാള വിദഗ്ധരുടെയും പരിശോധനക്കും, പ്രാഥമിക ചോദ്യം ചെയ്യലിനും ശേഷമാണ് മകൻ അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. 

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം. ലഹരിക്കടിമയായ മകൻ അമ്മയെ നിരന്തരം മർദ്ദിക്കാറുണ്ടെന്നാണ് ആരോപണം. ചന്ദ്രികയുടെ ഭർത്താവ് അംബുജാക്ഷൻ ഏതാനും വർഷം മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. ഇൻഷുറൻസ് തുകമായി ലഭിച്ച 15 ലക്ഷത്തിന്റെ പേരിലും നിരന്തരം തർക്കം ഉണ്ടായിരുന്നതാണ് വിവരം. 

ENGLISH SUMMARY:

Chandrika, who was found dead yesterday morning at Arayankavu in Ernakulam, was allegedly murdered by her son Abhijith, according to local residents. They say it was common for him to assault his mother and that she had endured severe physical and mental abuse. Chandrika and the locals had reportedly filed multiple complaints against him. The incident came to light when Abhijith informed a neighbor in the morning, saying, “Sojan chetta, come quickly, mother is hanging.”