കൊടി സുനിയുടെയും സംഘത്തിന്റെയും മദ്യപാനത്തിൽ നാണംകെട്ട പൊലീസ് മുഖം സംരക്ഷിക്കാൻ നടപടികളിലേക്ക്. ടി.പി. കേസ് പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ കൈവിലങ്ങ് വെക്കാനും എസ്കോർട്ടിന് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചു. മദ്യപാനം ഇതാദ്യമല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് ശേഷം അതേ ജയിലിൽ നിന്ന് കൊണ്ടുപോയ കൊടി സുനിയുടെ കാര്യത്തിലും ആഭ്യന്തരവകുപ്പിന് നാണം കെടേണ്ടി വന്നു. പ്രതികളെ നിയന്ത്രിക്കേണ്ട പൊലീസ് തന്നെ മദ്യപാനത്തിന് ഒത്താശ ചെയ്തതാണ് ഇതിനു കാരണം. നാണക്കേട് മറക്കാൻ കൂടുതൽ നടപടികൾ എടുക്കാതെ തരമില്ല എന്ന അവസ്ഥയിലാണ് പൊലീസ്. മാഹി ഇരട്ടക്കൊലക്കേസിൽ വിചാരണ ഇനിയും പൂർത്തിയാകാൻ ഉള്ളതിനാൽ കൊടി സുനി അടക്കമുള്ള പ്രതികളെ വീണ്ടും തലശ്ശേരി കോടതിയിൽ ഹാജരാക്കേണ്ടി വരും. ആ സാഹചര്യത്തിൽ സിപിഓമാരെ മാറ്റി ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥരെ എസ്കോർട്ടിന് നിയോഗിക്കാനാണ് പുതിയ തീരുമാനം.
സാധാരണ കോടതിയിൽ കൊണ്ടുപോകുമ്പോൾ കൈവിലങ്ങ് വയ്ക്കാറില്ലെങ്കിലും, കൊടി സുനിക്കും സംഘത്തിനും ഇനി ആ ഇളവില്ല. കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയിലും അതിനിടയ്ക്കും , നിരീക്ഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെയും നിയോഗിക്കും. ചട്ടം ലംഘിച്ചുള്ള മദ്യപാനത്തിൽ പ്രതികൾക്കെതിരെ കേസെടുക്കാനും പൊലീസ് ആലോചിക്കുകയാണ്.