jaleel-about-firos-brother

TOPICS COVERED

മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ.ഫിറോസിന്‍റെ സഹോദരന്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ആരോപണങ്ങളുമായി കെ.ടി.ജലീല്‍. പി.കെ.ഫിറോസിന്‍റെ സഹോദരന്‍ വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും എന്തുകൊണ്ട് നൂറുകണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ച തന്‍റെ സഹോദരനെ നിയന്ത്രിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തില്ലെന്നും ജലീല്‍ ചോദിച്ചു. ലീഗിന്‍റെ നേതാക്കളുടെ വഴിയില്‍ നിന്ന് ലീഗ് മാറി സഞ്ചരിക്കുകയാണെന്നും ഇതിന്‍റെ തെളിവാണ് പ്രാദേശിക നേതാക്കള്‍ ലഹരിക്കേസില്‍ പിടിക്കപ്പെടുന്നതെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരുടെയും വിഹാരകേന്ദ്രമായി ലീഗ് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

സഹോദരനുവേണ്ടി താനോ കുടുംബമോ ഇടപെടില്ലെന്നും തെറ്റുകാരനെങ്കില്‍ സഹോദരന്‍ ശിക്ഷിക്കപ്പെടണമെന്നാണ് പി.കെ.ഫിറോസ് ഇന്നലെ പറഞ്ഞത്. ലഹരി മരുന്ന് ഇടപാട് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചതിനാണ് പി.കെ.ഫിറോസിന്‍റെ സഹോദരന്‍ പി കെ ബുജൈറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈർ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീജിത്തിന് പരുക്കേറ്റു.

കെ.ടി.ജലീലിന്‍റെ വാക്കുകള്‍

പി.കെ.ഫിറോസിന്‍റെ സഹോദരന്‍ വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്ന ആളാണ.് ഇന്നലത്തെ പരിശോധനയില്‍ പൊലീസിന് തന്നെ അത് വ്യക്തമാവുകയും ചെയ്തു. എത്രയോ കാലമായി അദ്ദേഹം രാസലഹരി ഉപയോഗിക്കുന്ന ആളാണ്. എന്തുകൊണ്ട് നൂറുകണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ച തന്‍റെ സഹോദരനെ നിയന്ത്രിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തില്ല. തന്‍റെ സഹോദരന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസിന് വിവരം കൊടുക്കേണ്ടിയിരുന്നത് ഫിറോസല്ലേ?. സമീപകാലത്ത് മുസ്‍ലിം ലീഗിന്‍റെ മഹാരതന്‍മാരായിട്ടുള്ള നേതാക്കളുടെ വഴിയില്‍ നിന്ന് ലീഗ് മാറി സഞ്ചരിക്കുന്നു എന്നുള്ളതിന്‍റെ നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിന്‍റെ തെളിവാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പിടിക്കപ്പെടുന്ന ലീഗിന്‍റെ നേതാക്കള്‍. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരുടെയും വിഹാരകേന്ദ്രമായി ലീഗ് മാറിക്കൊണ്ടിരിക്കുകയാണ്. 

ENGLISH SUMMARY:

Former minister K.T. Jaleel has claimed that Firoz’s brother has been addicted to drugs for several years. The statement, made during a public interaction, has sparked fresh controversy.