പെണ്‍കുട്ടിയുടെ പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുലിന് മുന്‍കൂര്‍ ജാമ്യമില്ലെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെടി ജലീല്‍. റീലൻമാരുടെ യുഗം കോൺഗ്രസ്സിലും ലീഗിലും അവസാനിക്കുകയാണെന്നാണ് രാഹുലും ഷാഫി പറമ്പിലും പികെ ഫിറോസും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ഇന്നു മാഷ്, നാളെ ഹെഡ്മാഷ്, മറ്റന്നാൾ പ്യൂൺ. റീലൻമാരുടെ യുഗം കോൺഗ്രസ്സിലും ലീഗിലും അവസാനിക്കുന്നു. റിയലൻമാർ യൂത്ത് കോൺഗ്രസ്സിലും യൂത്ത് ലീഗിലും ഉയർന്നു വരട്ടെ. കള്ളനെക്കാൾ അധമനാണ് കള്ളനു കഞ്ഞിവെച്ചവർ. രാഹുലിനൊപ്പമുള്ള യൂത്ത്ലീഗ് നേതാവിൻ്റെ വിദേശയാത്ര ലീഗ് നേതൃത്വം അന്വേഷിക്കട്ടെ. ലീഗിലും നടക്കട്ടെ ഒരു ശുദ്ധികലശം– ജലീല്‍ കുറിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെ എംഎല്‍എയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. നിലവില്‍ സസ്‌പെന്‍ഷനിലുള്ള എംഎല്‍എക്കെതിരെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ സ്ഥാനമൊഴിയണമെന്ന് അടൂര്‍ പ്രകാശും ആവശ്യപ്പെട്ടു.
ഇത് സ്ത്രീകളുടെ വിജയമെന്ന് റിനി ആന്‍ ജോര്‍ജ് പ്രതികരിച്ചു. ഇനിയും അതിജീവിതകള്‍ ഉണ്ട്, ഇതിന്റെ ഭാഗമാകണമെന്നും റിനി മാധ്യമങ്ങളോടു പറഞ്ഞു. രാഹുലിനെ ഇപ്പോഴെങ്കിലും പുറത്താക്കിയത് നല്ലകാര്യമെന്നു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അറസ്റ്റ് വൈകുന്നത് പൊലീസിനോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.