ടി.പി.വധക്കേസ് പ്രതി കൊടി സുനിക്ക് കഴിഞ്ഞ 7 മാസത്തിനിടെ ലഭിച്ചത് 60 ദിവസത്തെ പരോള്‍. 2024 ഡിസംബര്‍ മുതല്‍ ജൂലൈ 21 വരെ മൂന്ന് പരോളുകളിലായാണ് സുനിക്ക് 60 ദിവസത്തെ പരോള്‍ ജയില്‍ വകുപ്പ് അനുവദിച്ചത്. കുറ്റക്യത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിട്ടും ഏപ്രിലിലും ജൂലൈയിലും ഇതു പരിഗണിക്കാതെയാണ് ജയില്‍ വകുപ്പ് സുനിക്ക് പരോള്‍ നല്‍കിയത്. ടി.പി കേസ് ഒന്നാംപ്രതി ടി.കെ രജീഷിന് 15 ദിവസത്തേക്ക് പരോള്‍ നല്‍കി.
2018 ല്‍ യുവാവിനെ തട്ടി കൊണ്ടു പോയ കേസില്‍ പിടിയിലായതോടെ 6 വര്‍ഷത്തേക്ക് സുനിക്ക് പരോള്‍ അനുവദിച്ചിരുന്നില്ല. 2024 ഡിസംബറില്‍ പരോള്‍ ലഭിക്കാന്‍ ചൊക്ലി പൊലീസ് അനുകൂല റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് ജയില്‍ ഡിജിപി പരോള്‍ അനുവദിച്ചത്.
30 ദിവസത്തെ പരോള്‍ നേടി പുറത്തിറങ്ങിയ സുനി കുറ്റക്യത്യങ്ങളില്‍ ഏര്‍പ്പെടുകയും പരോള്‍ വ്യവസ്ഥ ലംഘിച്ച് അന്തര്‍ സംസ്ഥാന യാത്ര നടത്തിയെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും ഇതു പരിഗണിക്കാതെയാണ് ഏപ്രിലിലും ജൂലൈയിലും ജയില്‍ വകുപ്പ് സുനിക്ക് പരോള്‍ നല്‍കിയത്. ജൂലൈ 21 ന് 15 ദിവസത്തെ പരോള്‍ നല്കിയപ്പോഴും സുനി വ്യവസ്ഥകള്‍ ലംഘിച്ചതോടെയാണ് പരോള്‍ റദ്ദാക്കി ജൂലൈ 31ന് കണ്ണൂര്‍ സെൻട്രൽ ജയിലിൽ തിരികെ കൊണ്ടുവന്നത്.
വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കണമെന്ന വ്യവസ്ഥ ലംഘിച്ചതായി പൊലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു പരോൾ റദ്ദാക്കിയത്. പരോൾ സമയത്ത് കൊടി സുനി കർണാടകയിൽ പോയതായി സ്പെഷൽ ബ്രാഞ്ചിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിൽ നിന്ന് ജനുവരി 29ന് ആയിരുന്നു കണ്ണൂരിലേക്കു മാറ്റിയത്.
ന്യൂമാഹിയിൽ ബിജെപി പ്രവർത്തകരായ വിജിത്തിനെയും സിനോജിനെയും ബോംബ് എറിഞ്ഞതിനുശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ സുനിയെ ഈ കേസിൽ വിചാരണ തുടങ്ങിയപ്പോഴാണ് കണ്ണൂരിലേക്കു കൊണ്ടുവന്നത്.