ഇടുക്കി ഉടുമ്പൻചോല - തിങ്കൾക്കാട്ടിൽ അതിഥിത്തൊഴിലാളികളുടെ അഞ്ചു വയസ്സുകാരിയായ മകളെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശികളായ ദമ്പതികളുടെ മകൾ കൽപന കുലുവാണ് മരിച്ചത്. തൊഴിലിടത്തിനു സമീപത്തെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ കുഞ്ഞിനെ ഇരുത്തിയ ശേഷം ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ.
ഏതാനും മണിക്കൂറുകൾക്ക് ശേഷം തിരികെയെത്തിയ മാതാപിതാക്കൾ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാറിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കിയിരുന്നുവെന്നും ഏതാനും ദിവസങ്ങളായി കടുത്ത ഛര്‍ദിയും വയറിളക്കവും ഉണ്ടായിരുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയിരുന്നെന്നും പൊലീസ് പറഞ്ഞു.
അസുഖം കൂടിയതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടുമ്പൻചോല പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടുത്തിനു ശേഷം മൃതദേഹം വിട്ടുനൽകും.