കേരള സാഹിത്യ അക്കാദമിയുടെ ലിറ്ററേച്ചല്‍ ഫെസ്റ്റിവല്‍ ബഹിഷ്ക്കരിച്ച് എഴുത്തുകാരി ഇന്ദു മേനോന്‍. ലൈംഗിക കുറ്റവാളികള്‍ക്കും ‘മീടു’ ആരോപിതര്‍ക്കുമൊപ്പം വേദി പങ്കിടാനാകില്ലെന്ന് ഇന്ദുമേനോന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷവും സമാനപരാതി ഉന്നയിച്ചെങ്കിലും ആരും ചെവികൊണ്ടില്ല. ഇക്കുറിയും അതേനില ആവര്‍ത്തിച്ചതോടെ മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന് തോന്നി. സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാന്ദനും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനായില്ലെന്നും ഇന്ദുമേനോന്‍ കോഴിക്കോട് പറഞ്ഞു. ഈ മാസം ഓഗസ്റ്റ് 17 മുതല്‍ 25 വരെയാണ് സാഹിത്യോല്‍സവം നടക്കുക.
ഇതുസംബന്ധിച്ച് ഫെയ്സ്ബുക്ക് പോസ്റ്റും കഴിഞ്ഞ ദിവസം ഇന്ദുമേനോന്‍ പങ്കുവച്ചിരുന്നു. ‘എത്രയും പ്രിയപ്പെട്ട കേരള സാഹിത്യ അക്കാദമിയ്ക്ക്’ എന്ന് തുടങ്ങുന്ന കുറിപ്പില്‍ കേരളസാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ക്ഷണം ഉണ്ടായിരുന്നു തന്നെ ഉൾപ്പെടുത്തിയതിൽ നന്ദി പറയുന്നതായും ഇന്ദുമേനോന്‍ പറഞ്ഞു. ‘സർക്കാർ സ്ഥാപനമായ കേരള സാഹിത്യ അക്കാദമിക്ക് കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ട്. ഗ്രൂപ്പ് എഗൈൻസ്റ്റ് സെക്ഷ്വൽ വയലൻസ് എന്ന സംഘം കഴിഞ്ഞവർഷം അക്കാദമിക്ക് ഇതേ ഫെസ്റ്റിവലിൻറെ സമയത്ത് ഒരു കത്ത് നൽകിയിരുന്നു. ലൈംഗിക കുറ്റവാളികളെയും മീട്ടു ആരോപിതരെയും ഇത്തരം ഫെസ്റ്റിവലുകളിൽ നിന്നും മാറ്റിനിർത്തി അതിജീവിതകളെ പരിപാടിയില്‍ ഉൾപ്പെടുത്തുക എന്നതായിരുന്നു ആ കത്തിലൂടെ മുന്നോട്ടുവെച്ച ആവശ്യം. സാംസ്കാരിക വകുപ്പ് മന്ത്രിക്കും സർക്കാരിനും അക്കാദമിക്കും കത്ത് നല്‍കിയിട്ടും കേരള സാഹിത്യ അക്കാദമി അതൊന്നും വില വയ്ക്കുകയുണ്ടായില്ല. അഞ്ചോ ആറോ ലൈംഗിക കുറ്റവാളികളും മീറ്റു ആരോപിതരും പരിപാടിയിൽ പ്രതിഷേധത്തിനിടയിലും ആഹ്ലാദപൂർവ്വം പങ്കെടുത്തു. എന്ത് കുറ്റകൃത്യം ചെയ്താലും എന്നെയൊന്നും ആരും ഒന്നും ചെയ്യില്ല എന്ന ധാർഷ്ഠ്യത്തോടെയാണ് അവര്‍ വേദിയിലെത്തിയത്. അവരാൽ ആക്രമിക്കപ്പെട്ട സ്ത്രീകൾ നിസ്സഹായരായി മുഖമില്ലാത്തവരായി നിന്നു’ ഇന്ദുമേനോന്‍ പോസ്റ്റില്‍ കുറിച്ചു.
‘കഴിഞ്ഞവർഷം പോകേണ്ട എന്ന് കരുതിയതാണ്. എന്നാൽ പ്രിയപ്പെട്ട പലരും അങ്ങനെ ചെയ്യേണ്ട എന്ന് ഉപദേശിച്ചു. അവർ പറഞ്ഞതുപോലെ നേരിട്ട് ചെന്ന് പ്രതിഷേധിക്കാം എന്ന് കരുതി. നേരിട്ട് ചെന്ന് പ്രതിഷേധം അറിയിച്ചു. അടുത്തവർഷം ലൈംഗിക കുറ്റവാളികളെ മാറ്റിനിർത്തുന്ന ആവശ്യം പരിഗണിക്കാം എന്നും ബന്ധപ്പെട്ടവർ പറയുകയുണ്ടായി. എന്നാല്‍ ഇത്തവണയും രണ്ടു ലൈംഗിക പീഡകർ കവിത വായിക്കാൻ വന്നിട്ടുണ്ട്. പുറത്തുവരാൻ പോകുന്ന രണ്ട് പൊട്ടൻഷ്യൽ ലൈംഗിക പീഡകർ വേറെയുമുണ്ട്. ഇത്തരം ആളുകൾ വരുന്ന ഒരു പരിപാടിയിൽ ഞാൻ പങ്കെടുക്കുന്നത് ശരിയല്ല. എന്നെയും ലൈംഗിക കുറ്റവാളികളെയും നിങ്ങൾ അക്കാദമി ഒരേ തട്ടിൽ സമീകരിക്കുകയാണ്. ഒരു അവസരം ഉണ്ട് എന്ന് കരുതി എനിക്ക് ഇത്രയും മോശമായ വ്യക്തികൾക്കൊപ്പം വേദി പങ്കിടാൻ വയ്യ. എന്തായാലും പോകണ്ട എന്ന് ഞാൻ തീരുമാനിക്കയാണ്’ ഇന്ദുമേനോന്‍ പറയുന്നു.