പൊലീസ് ഒത്താശയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ മദ്യപിക്കുന്ന ദ്യശ്യങ്ങള്‍ മനോരമ ന്യൂസിന്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ സംഘാങ്ങള്‍ക്കൊപ്പം ജൂലൈ 17 ന് മദ്യപിക്കുന്ന ദ്യശ്യങ്ങളാണ് മനോരമ ന്യൂസിന് ലഭിച്ചത്. മാഹി ഇരട്ടക്കൊലപാതക കേസിലെ വിചാരണക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തലശേരി അഡീഷണല്‍ ജില്ല കോടതിയില്‍ എത്തിച്ചതിന് ശേഷമായിരുന്നു മദ്യപാനം. ഉച്ചയ്ക്ക് ഭക്ഷണം വാങ്ങി നല്‍കാനെന്ന പേരില്‍ തലശേരിയിലെ വിക്ടോറിയ ബാറില്‍ എത്തിച്ചായിരുന്നു മദ്യപാനത്തിനായുള്ള പൊലീസ് സഹായം. ജയിലില്‍ നിന്ന് കൊണ്ടുവന്ന കൊലപാതക കേസ് പ്രതികളുടെ അടുത്ത് പൊലീസുകാര്‍ ഉണ്ടാവണമെന്നിരിക്കെ ഒത്താശയുടെ ഭാഗമായി ഒറ്റ പൊലീസുകാരന്‍ അടുത്തില്ലാത്തതും ദ്യശ്യങ്ങളില്‍ കാണാം. ഈ സംഭവത്തിലാണ് എആര്‍ ക്യാമ്പിലെ പൊലീസുകാരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ കണ്ണൂര്‍ ജില്ല പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്.
ജയില്‍ ഭരിക്കുന്നത് കൊടിസുനിയാണെന്ന് ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കെ.കെ.രമ എംഎല്‍എ മനോരമ ന്യൂസിനോട് പ്രതികരിച്ചു. മദ്യസേവയ്ക്ക് അവസരം കിട്ടിയതില്‍ അല്‍ഭുതമില്ലെന്നും ഭരണകക്ഷിയുടെ ആളുകളെന്നതിന്റെ തെളിവാണെന്നും കെകെ രമ പറഞ്ഞു. കൊടി സുനി കണ്ണൂര്‍ ജയിലില്‍ സ്ഥിരമായതെങ്ങനെയെന്നും രമ ചോദിക്കുന്നു.
മീനങ്ങാടി സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കൊടി സുനിയുടെ പരോള്‍ റദ്ദാക്കിയിരുന്നു. മീനങ്ങാടി സിഐയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 21നാണ് സുനിക്ക് 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്.
നേരത്തെ, കൊടിസുനി ജയിലിൽ ഫോൺ ഉപയോഗിച്ച സംഭവവും വിവാദമായിരുന്നു. അതുമാത്രമല്ല, കൊടി സുനി കണ്ണൂർ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചതും പ്രവാസിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതും ഹവാല പണമിടപാടും സ്വർണക്കടത്തും നിയന്ത്രിച്ചതും വരെ ഇതിന് മുന്‍പ് പുറത്തുവരികയും വിവാദമാകുകയും ചെയ്തിട്ടുണ്ട്.