തെറ്റുകാരനെങ്കില്‍ സഹോദരന്‍ ശിക്ഷിക്കപ്പെടണമെന്ന് പി.കെ.ഫിറോസ്. സഹോദരനുവേണ്ടി താനോ കുടുംബമോ ഇടപെടില്ല. എന്‍റെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ആളാണ് സഹോദരന്‍. അറസ്റ്റ് മൂലം താന്‍ രാജി വയ്ക്കേണ്ടതില്ലെന്നും ഫിറോസ്.
ലഹരി മരുന്ന് ഇടപാട് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചതിനാണ് പി.കെ.ഫിറോസിന്‍റെ സഹോദരന്‍ പി കെ ബുജൈറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈർ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീജിത്തിന് പരുക്കേറ്റു.
ബുജൈറിന്‍റെ വാഹന, ദേഹ പരിശോധനയിൽ ലഹരി ഒന്നും കണ്ടെത്താനായില്ല. എന്നാൽ ലഹരി മരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസിനെ ആക്രമിച്ചതിനുള്ള കുറ്റങ്ങളാണ് നിലവിൽ ബുജൈറിനെതിരെ ചുമത്തിയത്. ലഹരി പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം കുന്ദമംഗലം പൊലീസ് റിയാസ് എന്ന ഒരാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ റിയാസിന്റെ ഫോണിലെ ചാറ്റുകളുടെ അടിസ്ഥാനത്തിൽ ആണ് ബുജൈറിനെ പിടികൂടിയത്.