തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസ് ചിറക്കലിന് എതിരായ നടപടി താക്കീതിലൊതുക്കും. കാരണം കാണിക്കൽ നോട്ടിസിന് ഡോക്ടർ മറുപടി നൽകിയ ശേഷം ആയിരിക്കും തുടർനടപടി. ഡോക്ടർക്ക് എതിരായ എന്തു നടപടിയും ജനവികാരം എതിരാക്കുമെന്നാണ് വിലയിരുത്തൽ. ആദ്യം മെമ്മോയെ കുറിച്ചുള്ള ചോദ്യത്തിന് ഡോക്ടർ ഹാരിസിന്റെ ഡിപ്പാർട്ട്മെന്റിൽ നിന്ന് ഉപകരണം കാണാതായെന്ന് മറുപടി പറഞ്ഞ മന്ത്രി വീണാ ജോർജ് ഇന്നലെ മലക്കം മറിഞ്ഞിരുന്നു. വിദഗ്ധസമിതി റിപ്പോർട്ടിനെയും മാധ്യമങ്ങളെയുമാണ് മന്ത്രി പഴിച്ചത്. ഉപകരണം കാണാതായതിൽ ഡിഎംഇ അന്വേഷണം തുടരും. ഒരു ഉപകരണ ഭാഗവും കാണാതായിട്ടില്ല എന്നാണ് വകുപ്പ് മേധാവിയായ ഡോ. ഹാരിസിന്റെ നിലപാട്.
വിഷയത്തില്‍ ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ ഹിയറിങ് നാളെ നടക്കും. വകുപ്പ്തല അന്വേഷണത്തിന്റെ ഭാഗമായാണ് ഹിയറിങ്. ഡിഎംഇ ആയിരിക്കും ഹിയറിങ് നടത്തുക. കാരണം കാണിക്കല്‍ നോട്ടിസിന് ഹാരിസ് മറുപടി നല്‍കുകയും ചെയ്യും.
അതേസമയം, ഡോക്ടര്‍ ഹാരിസിന്‍റെ ആക്ഷേപങ്ങളെല്ലാം പൂര്‍ണമായും ശരിവയ്ക്കുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. ഉപകരണമില്ലാത്തതിനാല്‍ ഡോക്ടര്‍ ഹാരിസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയ വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടു പേരുടെ ശസ്ത്രക്രിയകള്‍ മുടങ്ങി. ഉപകരണങ്ങള്‍ പിരിവിട്ട് വാങ്ങുന്നുവെന്ന് രോഗികള്‍ സമിതിയോട് വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തല്‍ അന്വേഷിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടിലെ ഉപകരണഭാഗം കാണാതായെന്ന ഒറ്റവരി മാത്രമെടുത്ത് ഡോക്ടറെ സംശയ നിഴലിലാക്കുകയായിരുന്നു ആരോഗ്യമന്ത്രി.
ഇതിനിടെ വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി ഡോ.ഹാരിസ് രംഗത്തെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാണാതായ ഉപകരണം അപകടം പിടിച്ചതെന്നാണ് ഡോ.ഹാരിസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. സുരക്ഷിതമല്ലാത്തതിനാല്‍ കമ്പനികള്‍ ഉല്‍പാദനം നിര്‍ത്തി. അപകടസാധ്യത മൂലം ഉപയോഗിക്കാതെ മാറ്റിവച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. മുന്നറിയിപ്പ് ലഭിച്ചത് അടുത്തകാലത്തെന്നും ഡോ.ഹാരിസ് ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.