sajicheriyan-conclave

സിനിമാനയ രൂപീകരണത്തിന് പ്രത്യേക നിയമനിര്‍മാണം വേണ്ടിവരുമെന്ന് മന്ത്രി സജി ചെറിയാന്‍. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ രണ്ട് മാസത്തിനുള്ളില്‍ സിനിമാ നയത്തിന് അന്തിമ രൂപം നല്‍കാനാണ് ലക്ഷ്യമിടുന്നത്. സിനിമാ കോണ്‍ക്ലേവിലെ നിര്‍ദേശങ്ങള്‍ക്കൊപ്പം പൊതുജന പിന്തുണ ഉറപ്പാക്കാന്‍ പ്രത്യേക വിവരശേഖരണത്തിനുള്ള അവസരമൊരുക്കുമെന്നും സജി ചെറിയാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കോണ്‍ക്ലേവില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. പൊതുജനങ്ങള്‍ക്കും ഇതുവരെ നിര്‍ദേശം നല്‍കാന്‍ കഴിയാത്തവര്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ പതിനഞ്ച് ദിവസത്തെ സമയം നല്‍കും. വിവിധ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷം സിനിമാ നയത്തിന് അന്തിമ രൂപമുണ്ടാക്കും. നയം ഉദ്ദേശിക്കുന്ന മട്ടില്‍ നടപ്പാക്കണമെങ്കില്‍ നിയമനിര്‍മാണം ഉള്‍പ്പെടെ വേണ്ടിവരും. കൃത്യമായ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ നയം അന്തിമമാക്കും. 

രണ്ട് ദിവസത്തെ കോണ്‍ക്ലേവില്‍ സിനിമാ, സീരിയല്‍ മേഖലയിലെ സമ്പൂര്‍ണ പരിഷ്കരണ നിര്‍ദേശങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഹേമ കമ്മിറ്റിയുടെ ശുപാര്‍ശ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിസന്ധികളും തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും തുറന്ന് പറയുന്നവരെ സംരക്ഷിക്കുന്നത് ഉള്‍പ്പെടെ, അര്‍ഹമായ വേതനം, തൊഴില്‍ സുരക്ഷ തുടങ്ങിയ നിര്‍ദേശങ്ങളെല്ലാം പ്രത്യേക പരിഗണന നല്‍കി നടപ്പാക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Minister Saji Cherian stated that special legislation might be required to implement Kerala’s proposed film policy. The government aims to finalize the policy within two months through interdepartmental coordination. He also mentioned that public input will be gathered along with suggestions from the recent cinema conclave to ensure broader acceptance.