നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ക്ക് യെമനിലേക്ക് പോകാനുള്ള അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. സുരക്ഷാപ്രശ്നമുള്ളതിനാല്‍ അനുമതി നല്‍കാനാകില്ലെന്നാണ് വിശദീകരണം. യെമനുമായി ഇന്ത്യയ്ക്ക് നയതന്ത്രബന്ധമില്ല. കൊല്ലപ്പെട്ടയാളുടെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലേ ചര്‍ച്ച നടക്കൂ എന്നും കേന്ദ്രം അറിയിച്ചു.
നിമിഷപ്രിയയുടെ മോചനത്തിന് ചര്‍ച്ച നടത്തേണ്ടത് കുടുംബമോ കുടുംബം ചുമതലപ്പെടുത്തുന്ന വ്യക്തികളോ ആകണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മോചനചര്‍ച്ചകള്‍ക്കായി യെമെന്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി സേവ് നിമിഷ പ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിന് നല്‍കിയ മറുപടിയിലാണ് വിദേശകാര്യമന്ത്രാലയം നിലപാട് അറിയിച്ചത്.
നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നിലവില്‍ അഭിഭാഷകന്‍ സാമുവേല്‍ ജെറോമിന് ഒപ്പം യെമെനിലുണ്ട്. മോചന ചര്‍ച്ചകള്‍ക്കായി പ്രേമകുമാരി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരിക്കുന്നത് സാമുവേല്‍ ജെറോമിനാണ്. അതേസമയം നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞതിനര്‍ഥം വിധി റദ്ദാക്കിയെന്നല്ല എന്ന് പറഞ്ഞ് കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍ നേരത്തെ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.