ഹോട്ടലില്‍ നിന്ന് കൊണ്ടുപോകുമ്പോള്‍ കലാഭവന്‍ നവാസിന് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ സന്തോഷ്. നവാസ് റൂം വെക്കേറ്റ് ചെയ്യാന്‍ വൈകിയപ്പോള്‍ സഹപ്രവര്‍ത്തകരെ വിളിച്ച് അന്വേഷിച്ചിരുന്നു. അപ്പോള്‍ റൂമില്‍ചെന്ന് അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് റൂംബോയി അന്വേഷിക്കാനെത്തി. വിളിച്ചപ്പോള്‍ കതക് തുറന്നില്ല. ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ വീണുകിടക്കുന്നതായി കണ്ടു. ഉടനെ സിനിമ പ്രവര്‍ത്തകരെ വിളിച്ച് അറിയിക്കുകയായിരുന്നു. ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ നവാസിന്‍റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഹോട്ടലുടമ പറഞ്ഞു. 

വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് നവാസിന്‍റെ മരണ വാര്‍ത്തയെത്തിയതെന്ന് നന്ദു പൊതുവാള്‍ പറഞ്ഞു. നന്ദു പൊതുവാള്‍ പൊഡക്ഷന്‍ കണ്‍ട്രോള്‍ ചെയ്യുന്ന ചിത്രമായ പ്രകമ്പനത്തില്‍ അഭിനയിക്കുന്നതിനിടെയാണ് നവാസിന്‍റെ മരണം. 6- 7 ദിവസമായി ഷൂട്ടിങിനായി നവാസ് ചോറ്റാനിക്കരയിലുണ്ട്. ഇന്നത്തെ ഷൂട്ട് കഴിഞ്ഞാല്‍ 4-5 ദിവസത്തെ ഗ്യാപ്പ് നവാസിനുണ്ട്. അതിനാല്‍ വീട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്ന് നന്ദു പറഞ്ഞു. റൂമില്‍ പോയി തിരിച്ചിറങ്ങുന്നത് കാണാഞ്ഞതിനെ തുടര്‍ന്ന് ഹോട്ടലുകാര്‍ അന്വേഷിച്ചപ്പോഴാണ് മുറിയില്‍ വീണു കിടക്കുന്നത് കണ്ടത്.

പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങിനായാണ് കലാഭവന്‍ നവാസ് ചോറ്റാനിക്കരയിലെത്തിയത്. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിലായിരുന്നു കലാഭവന്‍ നവാസ് അഭിനയിച്ചുകൊണ്ടിരുന്നത്. ഷൂട്ടിങ് പൂര്‍ത്തിയായതിനാല്‍ റൂം ചെക്ക്ഔട്ട് ചെയ്യാനിരിക്കെയാണ് മരണം കവര്‍ന്നത്. ഷൂട്ടിങിന്‍റെ ഭാഗമായി കഴിഞ്ഞ കുറച്ചുദിവസമായി ഇവിടെയായിരുന്നു താമസം.

പ്രശസ്ത നാടക, ചലച്ചിത്ര നട‌നായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്. സഹോദരൻ നിയാസ് ബക്കറിനൊപ്പം കൊച്ചിൻ ആർട്സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് പരിപാടികൾ അവതരിപ്പിച്ചിരുന്നു. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.

ENGLISH SUMMARY:

Kalabhavan Navas, a renowned Malayalam actor, passed away at the age of 51 in Chottanikkara.