കലാഭവൻ നവാസ് മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരണം. മുൻപും ഹൃദയാഘാതമുണ്ടായതിന്‍റെ ലക്ഷണങ്ങളും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ആലുവ നാലാം മൈലിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ആറ് മണിക്ക് ആലുവ ടൗൺ ജുമമസ്ജിദിൽ കബറടക്കും. നാല് മണി മുതൽ ടൗൺ പള്ളിയിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും. കുടുംബാംഗങ്ങളും സഹപ്രവർത്തകരുമടക്കം നൂറുകണക്കിനാളുകളാണ് ആശുപത്രിയിൽ എത്തിയത്.
ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസ്വാഭാവികമായി മറ്റൊന്നും കണ്ടെത്താനായിട്ടിലെന്ന് ചോറ്റാനിക്കര പൊലീസ് വ്യക്തമാക്കി.