kalabhavan-navas-01

പ്രിയപ്പെട്ടവരെ ഉലച്ച് നടൻ കലാഭവൻ നവാസിന്‍റെ അപ്രതീക്ഷിത വിയോഗം. സിനിമ ചിത്രീകരണത്തിനുശേഷം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലെത്തിയ  നവാസിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. 

ഇന്നലെ വൈകിട്ട് അഞ്ചരയോടെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ നവാസിന് രണ്ട് ദിവസത്തെ ഇടവേളയായിരുന്നു. ഈ ഗ്യാപ്പിൽ വീട്ടിൽ പോയി വരാമെന്ന് സഹപ്രവർത്തകരോട് പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് പോയതാണ് നവാസ്. റൂം ചെക്കൗട്ടാണെന്ന് ഹോട്ടൽ ജീവനക്കാരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മുറിയിലേക്ക് പോയി മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും മടങ്ങിവരാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ നവാസിനെ തിരക്കി. മുറി തുറന്നപ്പോൾ വാതിലിനോട് ചേർന്ന് നവാസ് താഴെ വീണ് കിടക്കുകയായിരുന്നു. ജീവനുണ്ടെന്ന് ഉറപ്പിച്ച ജീവനക്കാർ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നവാസിനെ ആശുപത്രിയിലാണെന്ന് വിവരം ലഭിച്ചതോടെ സെറ്റിൽ നിന്ന് മറ്റ് നടന്മാരടക്കം ഓടിയെത്തി. പലർക്കും വിയോഗം ഉൾകൊള്ളാനായില്ല. നവാസിന്‍റെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിയതോടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണകാരണം ഹൃദയാഘാതമെന്നാണ് സൂചന. പോസ്റ്റുമോര്‍ട്ടത്തിലൂടെ ഇത് സ്ഥിരീകരിക്കാനാകും. അസ്വാഭാവികമായി മറ്റൊന്നും കണ്ടെത്താനായിട്ടിലെന്ന് ചോറ്റാനിക്കര പൊലീസ് വ്യക്തമാക്കി. വിയോഗവാർത്തയറിഞ്ഞ് സിനിമ മേഖലയിലെയടക്കം നിരവധി പേരാണ് ആശുപത്രിയിലെത്തിയത്. 

ENGLISH SUMMARY:

Dear ones were left shocked by the unexpected demise of actor Kalabhavan Navas. After completing a film shoot, Navas was found collapsed in his hotel room in Chottanikkara. His body was shifted to Kalamassery Medical College, and it will be handed over to the relatives today after the post-mortem.