തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ലക്ഷങ്ങളുടെ ഉപകരണഭാഗം കാണാതായെന്ന് വെളിപ്പെടുത്തി മന്ത്രി വീണാ ജോര്‍ജ് . ഡോ ഹാരിസ് മേധാവിയായ യൂറോളജി വിഭാഗത്തില്‍ സംഭവിച്ച കളവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് കാണാതായ ഉപകരണത്തിന്‍റെ കാര്യം മന്ത്രി ഇപ്പോള്‍ വെളിപ്പെടുത്തിയത് ഡോക്ടറെ കുടുക്കാനെന്ന ആക്ഷേപം ശക്തമാണ്. ഡോക്ടറെ മോഷണക്കുറ്റത്തില്‍ പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുറന്നടിച്ചു.
ഡോക്ടര്‍ ഹാരിസിന് നല്കിയ മെമ്മോയെക്കുറിച്ചുളള ചോദ്യത്തിനാണ് ഡോക്ടറെ സംശയ നിഴലിലാക്കുന്ന മോഷണ വിവരം മന്ത്രി വെളിപ്പെടുത്തിയത്. കാണാതായത് ഓസിലോസ്കോപ്പ് എന്ന ഉപകരണം. ശശി തരൂര്‍ എം പിയുടെ ഫണ്ടില്‍ നിന്നും വാങ്ങിയ ഉപകരണമാണ് കാണാതായത്. 20 ലക്ഷം രൂപ വിലമതിക്കും.
യൂറോളജി വകുപ്പ് മേധാവി എന്ന നിലയില്‍ ഉപകരണങ്ങളുടെ കൈവശക്കാരന്‍ ഡോ ഹാരിസാണ്. എന്നാല്‍ ഉപകരണം കാണാതായത് രണ്ടു വര്‍ഷം മുമ്പെന്നാണ് പുറത്തു വരുന്ന വിവരം. ഒരുവര്‍ഷം മുമ്പാണ് ഡോ ഹാരിസ് വകുപ്പ് മേധാവിയായത്. ഹാരിസ് മേധാവിയാകുന്നതിനും മുമ്പ് നടന്ന മോഷണം ഇപ്പോള്‍ ഉന്നയിക്കുന്നത് ദുരുദ്ദേശപരമാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം.