cpm-leader

TOPICS COVERED

 സിപിഎം പ്രാദേശിക നേതൃത്വവുമായി കലഹിച്ച പാർട്ടി വനിത നേതാവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. എറണാകുളം ജില്ലയിലെ തിരുമാറാടി ലോക്കൽകമ്മിറ്റി അംഗം ആശാ രാജുവിനെ മണ്ണത്തൂരിലെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ ബുധനാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനിടെ പാർട്ടി പ്രാദേശിക നേതൃത്വം തന്നോട് കാട്ടിയ അനീതിയെ കുറിച്ച് വാർത്താസമ്മേളനം നടത്തുമെന്ന ആശാരാജുവിന്റെ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

കുടുംബശ്രീ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭരണം പിടിച്ചെടുത്തതിനെക്കുറിച്ചുമെല്ലാം സംസാരിച്ചു തുടങ്ങിയ ആശ വളരെ വൈകാരികമായാണ് താന്‍ അനുഭവിച്ച അനീതി വെളിപ്പെടുത്തുന്നത്. ‘നമ്മുടെ ആളുകള്‍ തന്നെ എന്നെ തോല്‍പ്പിച്ചു, ചെയ്ത കാര്യത്തിനും ചെയ്യാത്ത കാര്യത്തിനും എന്നെ കുറ്റപ്പെടുത്തി, ലോക്കല്‍,ഏരിയ, ജില്ലാ കമ്മിറ്റിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും തന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണമെന്നും ആശ ശബ്ദസന്ദേശത്തില്‍ പറയുന്നു. തന്‍റെ വീടിന്‍റെ ഭാഗത്തേക്കുള്ള വഴിയുമായി ബന്ധപ്പെട്ട കാര്യത്തിലും കടുത്ത അനീതിയാണ് നേരിട്ടതെന്നും ആശ പറയുന്നു.

പരിഹാരം ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ മറ്റു ജനങ്ങളെക്കൂടി അറിയിക്കുമെന്നും ജനങ്ങളെ സംരക്ഷിക്കുന്ന പാര്‍ട്ടിയില്‍ നിന്നും ഒരു സ്ത്രീയ്ക്കും ഇനിയൊരു മോശം അനുഭവം ഉണ്ടാവരുതെന്നും ആശ പറയുന്നു. വാര്‍ത്താസമ്മേളനം നടത്തി എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും. ക്രൂരമായാണ് പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടത്, നാളെ എന്‍റെ ജീവന്‍ തന്നെ അപഹരിക്കപ്പെട്ടേക്കും, ഒരു ആനുകൂല്യവും സംഘടനയോട് ചോദിച്ചിട്ടില്ല, ലഭിച്ചത് അനീതി മാത്രമാണെന്നും പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ആശ വ്യക്തമാക്കുന്നു.

‘താമസിക്കുന്ന വീട്ടിലേക്ക് ഒരു വഴിയില്ല. ആദ്യം വഴി തരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് അത് ഇല്ലാതാക്കി. മകന്‍ കുഴഞ്ഞുവീണപ്പോള്‍ പോലും ഒന്നരമണിക്കൂര്‍ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. 23 ദിവസം ആശുപത്രിയില്‍ ഐസിയുവില്‍ കഴിഞ്ഞ മകനെ രക്ഷിക്കാനായില്ല, സ്ഥലം വാങ്ങിച്ചു, വഴിക്കായി കാര്യങ്ങള്‍ സ്വരുക്കൂട്ടി, പക്ഷേ പല കാരണങ്ങള്‍ പറഞ്ഞ് അപേക്ഷയെല്ലാം തള്ളി. പ്രതീക്ഷയോടെ വര്‍ഷങ്ങളോളം നിന്നെങ്കിലും സ്വന്തം പാര്‍ട്ടിക്ക് പോലും ഒന്നും ചെയ്തുതരാനായില്ലെന്ന് ആശാ രാജു പറയുന്നു. ആശയുടെ വായിലെ നാക്കിന്‍റെ കുഴപ്പമാണെന്ന് പറഞ്ഞും ആരോപണങ്ങള്‍ വന്നു, എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പരാതിയായി നല്‍കാമായിരുന്നു? എന്താണ് കൊടുക്കാത്തത്? മാനസികമായി തന്നെ പീഡിപ്പിക്കുകയാണ്. ഒരേയൊരു മകനെ പോലും നഷ്ടപ്പെട്ടു, എന്നിട്ടും പീഡനം തുടരുകയാണെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.

‘പാര്‍ട്ടിക്കുവേണ്ടി നില്‍ക്കുന്ന കുടുംബങ്ങളെ പോലും സംരക്ഷിക്കാന്‍ കഴിയാതിരിക്കുന്നത് എന്തൊരു ഗതികേടാണ്, പഞ്ചായത്ത് എല്ലാ റോഡുകളും ചെയ്തുകൊടുത്തപ്പോള്‍ ഈ റോഡിനു മാത്രം പണം അനുവദിച്ചില്ല, പതിനഞ്ചു വര്‍ഷമായി എന്‍റെ ഇരുചക്രവാഹനം അയല്‍വീട്ടിലാണ് വയ്ക്കുന്നത്, ഗ്യാസ് സിലിണ്ടര്‍ ചുമന്ന് കൊണ്ടുവരണം, പത്തുവര്‍ഷക്കാലമായി എല്‍ഡിഎഫ് ഭരിച്ചിട്ടുപോലും എനിക്ക് രക്ഷയുണ്ടായില്ല, എന്‍റെ കുടുംബാംഗങ്ങളെല്ലാം പാര്‍ട്ടി അംഗത്വമുള്ളവരാണ്, എന്നിട്ടും എന്തിനാണ് എന്നോടിത്ര വിരോധമെന്നാണ്് അറിയേണ്ടതെന്നും ആശ ഓഡിയോ സന്ദേശത്തില്‍ ചോദിക്കുന്നു. ആശയുടെ മരണത്തിന് പിന്നാലെയാണ് ഓഡിയോ പുറത്തുവന്നത് .