വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് നവാസിന്‍റെ മരണ വാര്‍ത്തയെത്തിയതെന്ന് നന്ദു പൊതുവാള്‍ പറഞ്ഞു. നന്ദു പൊതുവാള്‍ പൊഡക്ഷന്‍ കണ്‍ട്രോള്‍ ചെയ്യുന്ന ചിത്രമായ പ്രകമ്പനത്തില്‍ അഭിനയിക്കുന്നതിനിടെയാണ് നവാസിന്‍റെ മരണം.
6-7 ദിവസമായി ഷൂട്ടിങിനായി നവാസ് ചോറ്റാനിക്കരയിലുണ്ട്. ഇന്നത്തെ ഷൂട്ട് കഴിഞ്ഞാല്‍ 4-5 ദിവസത്തെ ഗ്യാപ്പ് നവാസിനുണ്ട്. അതിനാല്‍ വീട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്ന് നന്ദു പറഞ്ഞു. റൂമില്‍ പോയി തിരിച്ചിറങ്ങുന്നത് കാണാഞ്ഞതിനെ തുടര്‍ന്ന് ഹോട്ടലുകാര്‍ അന്വേഷിച്ചപ്പോഴാണ് മുറിയില്‍ വീണു കിടക്കുന്നത് കണ്ടത്.
ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കാര്യങ്ങള്‍ നോക്കി കൊണ്ടിരുന്ന അനിയനാണ് മരണ വിവരം വിളിച്ചറിയിച്ചതെന്നും നന്ദു പറഞ്ഞു. പടം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു നവാസെന്നും അദ്ദേഹം പറഞ്ഞു. അസീസ് കട്ടാക്കട്ട അടക്കം പല താരങ്ങളും ഈ ഹോട്ടലിലാണ് താമസിക്കുന്നുണ്ടെന്നും അസുഖങ്ങളുള്ളതായി പറഞ്ഞിട്ടില്ലെന്നും നന്ദു കൂട്ടിച്ചേര്‍ത്തു.
പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങിനായാണ് കലാഭവന്‍ നവാസ് ചോറ്റാനിക്കരയിലെത്തിയത്. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിലായിരുന്നു കലാഭവന്‍ നവാസ് അഭിനയിച്ചുകൊണ്ടിരുന്നത്. ഷൂട്ടിങ് പൂര്‍ത്തിയായതിനാല്‍ റൂം ചെക്ക്ഔട്ട് ചെയ്യാനിരിക്കെയാണ് മരണം കവര്‍ന്നത്. ഷൂട്ടിങിന്‍റെ ഭാഗമായി കഴിഞ്ഞ കുറച്ചുദിവസമായി ഇവിടെയായിരുന്നു താമസം.
പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്. സഹോദരൻ നിയാസ് ബക്കറിനൊപ്പം കൊച്ചിൻ ആർട്സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് പരിപാടികൾ അവതരിപ്പിച്ചിരുന്നു.