faseela-father

TOPICS COVERED

ഇരിങ്ങാലക്കുടയില്‍ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ ഫസീല നേരിട്ടത് കൊടിയ പീഡനങ്ങള്‍. സ്വര്‍ണവും പണവും പോരെന്ന് പറഞ്ഞും മര്‍ദ്ദിച്ചു. ഫസീലയുടെ പത്തുമാസം പ്രായമായ കുഞ്ഞിന് ചികില്‍സ നല്‍കാന്‍ ഭര്‍ത്താവ് നൗഫല്‍ സമ്മതിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ഉല്‍സവ പറമ്പുകളില്‍ പൊരിവിറ്റാണ് ഏകമകള്‍ ഫസീലയുടെ ജീവിതം റഷീദ് മുന്നോട്ടു കൊണ്ടുപോയത്. പതിനാറു പവന്‍റെ സ്വര്‍ണം മകള്‍ക്കു നല്‍കി. പക്ഷേ, ഭര്‍ത്താവിനും വീട്ടുകാര്‍ക്കും സ്വര്‍ണം പോര. അടുക്കളയിലേക്കുള്ള അരി തൊട്ട് ഉപ്പു വരെ സകലതും വാങ്ങി നല്‍കും. സമാധാനം നഷ്ടപ്പെടാതിരിക്കാന്‍ മകള്‍ ചോദ്യംചെയ്യാന്‍ സമ്മതിച്ചില്ല. എല്ലാം സഹിച്ച് മുന്നോട്ടു പോകുന്നതിനിടെ രണ്ടാമത് ഗര്‍ഭിണിയായതിന്‍റെ പേരില്‍ മര്‍ദ്ദനം. ഈ മര്‍ദനം സഹിച്ച് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഫസീല തിരിച്ചറിഞ്ഞു. കൊല്ലപ്പെടുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ ജീവിതം അവസാനിപ്പിച്ച് മടങ്ങി. പത്തു മാസം പ്രായമുള്ള കുഞ്ഞ് തനിച്ചായി. ഈ കുഞ്ഞിന്‍റെ സംരക്ഷണം ഫസീലയുടെ മാതാപിതാക്കള്‍ ഏറ്റെടുത്തു. നൗഫലും അമ്മ റംലത്തും റിമാന്‍ഡിലാണ്.  

‘ഭര്‍ത്താവിന്‍റെ വീട്ടിലെ ചുമരില്‍ തൊടാന്‍ പറ്റില്ല. വാഷിങ് മെഷീനില്‍ പോലും തൊടാന്‍ കഴിയില്ല. അടി കിട്ടും. ഭര്‍ത്താവിന്‍റെ സഹോദരന്‍റെ വീട്ടിലായിരുന്നു താമസം. സഹോദരന്‍ വിദേശത്താണ്. അരിയും പലചരക്കും മൂന്നു മാസം കൂടുമ്പോള്‍ മോളുടെ വീട്ടില്‍ എത്തിക്കും. ഫസീലയ്ക്കു നല്‍കുന്ന 2000 രൂപ ഭര്‍ത്താവ് കൈക്കലാക്കും. സമാധാനവും കൊടുക്കില്ല’.  ഫസീലയുടെ പിതാവ് റഷീദിന്‍റെ വാക്കുകളാണിത്. റഷീദ്, സക്കീന ദമ്പതികളുടെ ഏക മകളാണ് ഫസീല. 

faseela-father-crime

ഇരുപത്തിമൂന്നാം വയസില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്നവള്‍. ഭര്‍ത്താവ് നൗഫലിന്‍റേയും അമ്മ റംലത്തിന്‍റേയും കൊടിയ പീഡനം സഹിക്കാന്‍ ഫസീലയ്ക്കു കഴിഞ്ഞിരുന്നില്ല. വിവാഹ ജീവിതം അവസാനിപ്പിച്ച് വീട്ടില്‍ വരാന്‍ ഫസീലയോട് പറയുമായിരുന്നു. പക്ഷേ, ഇന്നല്ലെങ്കില്‍ നാളെ നൗഫല്‍ നേരെയാകുമെന്ന പ്രതീക്ഷയില്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍തന്നെ ജീവിച്ചു. നൗഫലിന്‍റെ രണ്ടു സഹോദരന്‍മാരുണ്ട്. ഇവരുടെ ഭാര്യമാര്‍ക്ക് മുപ്പതും ഇരുപത്തിയ‍ഞ്ചും പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. ഫസീലയ്ക്കു നല്‍കിയത് ഇതിന്‍റെ പകുതി സ്വര്‍ണം. പതിനാറു പവന്‍. ഇതു പോരെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. 

തലവേദന വന്നാല്‍ ഗുളിക വാങ്ങി നല്‍കില്ല. അതിന്, റഷീദ് ഓട്ടോ വിളിച്ച് മരുന്നുമായി മോളുടെ അടുത്തെത്തണം. എന്തിന് ഒരു പായ്ക്കറ്റ് ബിസ്ക്കറ്റ് പോലും നല്‍കില്ല. ഇതിനുള്ള പണം റഷീദ് തന്നെ മകള്‍ക്ക് നല്‍കുമായിരുന്നു. ആ കാശ് കൂടി നൗഫല്‍ വാങ്ങി കീശയിലാക്കും. പേരക്കുട്ടിക്ക് വയറിളക്കമായിരുന്നു. നാലു ദിവസമായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല. ഡോക്ടര്‍ക്ക് കാശു കൊടുക്കാനില്ലെന്ന് പറയും. അവസാനം, റഷീദ് ഓട്ടോറിക്ഷ വിളിച്ച് കുഞ്ഞുമോനെ കൊടുങ്ങല്ലൂരില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പറഞ്ഞു. ഇതോടെ, ഫസീലയെ വീണ്ടും നൗഫല്‍ മര്‍ദിച്ചു. 

സ്വന്തം മകന് ചികില്‍സ നല്‍കാന്‍ പോലും കാശ് ചെലവഴിക്കാത്ത അച്ഛനായിരുന്നു നൗഫല്‍. രാവിലെ ആറേമുക്കാലിനാണ് മകളുടെ വാട്സാപ്പ് മെസേജ് വരുന്നത്. ഞങ്ങള്‍ കണ്ടതാകട്ടെ ഇരുപതു മിനിറ്റു കഴിഞ്ഞാണ്. അപകടം തിരിച്ചറിഞ്ഞതോടെ സ്കൂട്ടറില്‍ റഷീദും സക്കീനയും മോളുടെ അടുത്തേയ്ക്കു കുതിച്ചു. അപ്പോഴേക്കും മോള് മരിച്ചിരുന്നു. മോളേയും കൊണ്ട് അവര്‍ ഓട്ടോയില്‍ ആശുപത്രിയില്‍ കൊണ്ടുപോയി. തലക്റങ്ങി വീണ് ആശുപത്രിയില്‍ കൊണ്ടുപോയെന്നായിരുന്നു നൗഫലിന്‍റെ അമ്മ റംലത്ത് പറഞ്ഞത്. പിന്നെ, അറിയുന്നത് മകളുടെ മരണവാര്‍ത്തയാണ്. നൗഫല്‍ ഇത്രയും ക്രൂരനായിട്ടും ഫസീല സഹിച്ചു നിന്നത് കുഞ്ഞു മോന്‍റെ ജീവിതം ആലോചിച്ചായിരുന്നു. 

രണ്ടാമതു ഗര്‍ഭിണിയായ വിവരം അറിഞ്ഞതോടെ നൗഫല്‍ വയറില്‍ ചവിട്ടി. ഗര്‍ഭം അലസിപ്പിക്കാനായിരുന്നു ആ ചവിട്ട്. ജീവിച്ചിരിക്കാന്‍ സമ്മതിക്കില്ലെന്ന് മനസിലായതോടെ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്നായിരുന്നു ഫസീലയുടെ ചിന്ത. 

ENGLISH SUMMARY:

Faseela, who ended her life at her husband’s house in Irinjalakuda, had reportedly faced brutal abuse. She was allegedly beaten over demands for more gold and money. Her family claims that her husband, Noufal, even refused to allow medical treatment for their ten-month-old baby.