തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സിസ്റ്റം തകരാറിലെന്ന് വെളിപ്പെടുത്തിയ ഡോ.ഹാരിസിനെ ആരോപണങ്ങളില്‍ കുടുക്കി കരയിച്ച് ആരോഗ്യവകുപ്പ്. ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് കത്തയക്കാനുളള പേപ്പര്‍ പോലും സ്വന്തം പോക്കറ്റില്‍ നിന്ന് വാങ്ങേണ്ട ഗതികേടെന്ന് ഡോക്ടര്‍ തുറന്നടിച്ചു.
ഉപകരണക്ഷാമം ഡോക്ടര്‍ യഥാസമയം അറിയിച്ചില്ലെന്ന സര്‍ക്കാര്‍ വാദം പൊളിക്കുന്ന ഡോക്ടറുടെ കത്തുകളുടെ പകര്‍പ്പുകള്‍ മനോരമ ന്യൂസിനു ലഭിച്ചു. ഡോക്ടര്‍ ചട്ടം ലംഘിച്ചെന്ന് ആരോഗ്യമന്ത്രി പറഞ്ഞപ്പോള്‍ സത്യം പറഞ്ഞ ഡോക്ടറെ ക്രൂശിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സിസ്റ്റത്തിലെ പുഴുക്കുത്തുകള്‍ ചൂണ്ടിക്കാട്ടിയതിന് മറുപടിയായി കുറ്റാരോപണങ്ങള്‍ നിരത്തി മെമ്മോ കിട്ടിയ ഡോ ഹാരിസ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിതുമ്പിക്കരഞ്ഞു. വാക്കുകള്‍ കിട്ടാതെ ഒച്ചയിടറി. പതിവുപൊലെ ജോലിക്ക് പോയി.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ ഹാരിസ് വിവരങ്ങള്‍ യഥാ സമയം അധികൃതരെ അറിയിച്ചില്ലെന്ന കാരണം കാണിക്കല്‍ നോട്ടീസിലെ വാദവും പൊളിയുന്നു. ഡോ ഹാരിസ് സൂപ്രണ്ടിന് എഴുതിയ കത്തുകളുടെ പകര്‍പ്പുകള്‍ മനോരമ ന്യൂസിന് ലഭിച്ചു. ശസ്ത്രക്രിയ ഉപകരണമായ ലിത്തോക്ളാസ്റ്റ് പ്രോബ് ആവശ്യപ്പെട്ട് മാര്‍ച്ച് 10 നാണ് ആദ്യ കത്ത് . ജൂണ്‍ 6 ന് വീണ്ടും കത്തയച്ചു. ഡോക്ടര്‍ ഹാരിസ് സമൂഹമാധ്യമത്തില്‍ പോസ്റ്റിടുന്നത് ജൂണ്‍ 27 ന്. ജൂണ്‍ 28 ന് ഉപകരണത്തിന് ഓര്‍ഡര്‍ നല്കിയതിന്‍റേയും ജൂലൈ 2 ന് ക്ഷാമുണ്ടെന്ന് പറഞ്ഞ ഉപകരണം 2 എണ്ണം വാങ്ങി എച്ച് ഡി എസ് സെക്രട്ടറി കൂടിയായ സൂപ്രണ്ട് കൈപ്പറ്റിയതിന്‍റെയും രസീതും മനോരമ ന്യൂസിന് ലഭിച്ചു.
പ്രോബ് എന്ന ഉപകരണം ഉണ്ടായിട്ടും ഡോ ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്ന ഗുരുതര ആരോപണമാണ് കാരണം കാണിക്കല്‍ നോട്ടീസിലുളളത്. ഡോ.ഹാരിസിനെതിരായ നടപടി സ്വഭാവികമെന്ന് ആരോഗ്യമന്ത്രി.
ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്തിന് ഡോക്ടറുടെ വെളിപ്പെടുത്തലിന്‍റെ പിറ്റേ ദിവസം ഓര്‍ഡര്‍ നല്കി , തൊട്ടടുത്ത ദിവസം ഉപകരണമെത്തിച്ചുവെന്നചോദ്യം ബാക്കി. രേഖകള്‍ സംസാരിക്കുമ്പോള്‍ കൂടുതല്‍ പരിഹാസ്യമാകുകയാണ് ആരോഗ്യവകുപ്പ്.