കോതമംഗലം മാതിരപ്പള്ളി സ്വദേശി അന്‍സില്‍ (38) മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഷാരോണ്‍ വധവുമായി ഏറെ സാമ്യങ്ങളുള്ള കേസാണിത്. അന്‍സിലിന്‍റെ പെൺസുഹൃത്ത് ചേലാട് സ്വദേശി അദീന കീടനാശിനിയാണ് അൻസിലിന് നൽകിയതെന്ന് പൊലീസ് പറയുന്നു. ചേലാടുള്ള ഒരു കടയിൽ നിന്നാണ് ഈ കളനാശിനി വാങ്ങിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ  ഇത് എന്തിൽ കലക്കിയാണ് അന്‍സിലിന് നൽകിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അദീനയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. 

ഏറെ മാധ്യമശ്രദ്ധ കിട്ടിയ ഷാരോണ്‍ വധക്കേസില്‍, ഗ്രീഷ്മ  കാമുകൻ ഷാരോണിനെ കൊലപ്പെടുത്താൻ കഷായത്തിൽ കലക്കി നല്‍കിയതും കളനാശിനിയാണ്. അൻസിലല്ലാതെ അദീനയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്നും, ഇപ്പോൾ ജയിലിൽ കഴിയുന്ന അയാൾ ഉടൻ പുറത്തിറങ്ങുമെന്നും വിവരമുണ്ട്. അതിനുമുമ്പ് അൻസിലിനെ ഒഴിവാക്കാനാണ് വിഷം നൽകി കാെലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.  

ചേലാട് സ്വദേശിയായ അദീന വിഷം നല്‍കിയെന്ന് അന്‍സില്‍ പൊലീസിനെയും ബന്ധുക്കളെയും വിളിച്ച് പറഞ്ഞിരുന്നു. ഇതിനിടെയാണ് അന്‍സലിന്‍റെ ഉമ്മയെ അദീന വിഡിയോ കോള്‍ വിളിച്ചിരുന്നെന്ന നിര്‍ണായക വിവരം പുറത്തുവരുന്നത്. അന്‍സില്‍ അവശനിലയില്‍ കിടക്കുന്ന വിവരാണ് യുവതി വിളിച്ചറിയിച്ചത്

'വിഷം കഴിച്ച് കിടപ്പുണ്ട് എടുത്തോണ്ട് പോയ്ക്കോ' എന്നായിരുന്നു അദീനയുടെ വാക്കുകള്‍. പിന്നീട് അന്‍സില്‍ അവശനിലയില്‍ കിടക്കുന്ന ദൃശ്യം വിഡിയോ കോളില്‍ വിളിച്ചു കാണിച്ചതായും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. അന്‍സിലിന്‍റെ ഉമ്മയുടെ സഹോദരന്‍റെ മകന്‍ യുവതിയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് യുവാവിനെ അവശനിലയില്‍ കണ്ടത്. വീടിന്‍റെ മുന്‍വശത്ത് വരാന്തയിലായിരുന്നു അന്‍സില്‍ കിടന്നത്. വിഷകുപ്പി വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

യുവതിക്ക് മറ്റുള്ളവരുമായുള്ള സൗഹൃദം അന്‍സിലിന് ഇഷ്ടമായിരുന്നില്ല. തന്നെ ഒഴിവാക്കുകയെന്ന അന്‍സിലിന്‍റെ തോന്നലാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും പൊലീസ് കരുതുന്നു. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ അന്‍സിലിന് യുവതിയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. 

ENGLISH SUMMARY:

Ansil murder case, Adheena Given Deadly Paraquat Pesticide, Similarities Emerge with Sharon Murder Cas