കോട്ടയം മെഡിക്കൽ കോളജ് റോഡിൽ കാറുമായി വിദ്യാര്‍ഥിയുടെ മരണപ്പാച്ചില്‍. അമിത വേഗത്തില്‍ പാഞ്ഞ കാര്‍ മരത്തിലിടിച്ചാണ് നിന്നത്. റോഡിലും ഒട്ടേറെ വാഹനങ്ങളില്‍ കാറിടിച്ചു. പിന്നാലെ കാര്‍ ഓടിച്ച കോളജ് വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥി ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്. സിഎംഎസ് കോളജ് വിദ്യാർഥിയും പള്ളിക്കത്തോട് സ്വദേശിയുമായ ജൂബിൻ ജേക്കബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സിഎംഎസ് കോളജിന് സമീപത്തു വച്ച് യാത്ര തുടർന്ന കാർ കുടമാളൂർ കോട്ടക്കുന്ന് വരെയാണ് അപകടകരമായി റോഡിലൂടെ പാഞ്ഞത്. ചുങ്കം മുതൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. നിർത്താതെ പോയ വാഹനത്തെ നാട്ടുകാർ പിന്തുടരുകയായിരുന്നു. ഒടുവില്‍ കുടമാളൂരിന് സമീപം റോഡ് വശത്തെ മരത്തിലടിച്ചാണ് യുവാവ് ഓടിച്ച കാർ നിന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
വാഹനത്തിൽ നിന്ന് മദ്യക്കുപ്പി ലഭിച്ചിട്ടുണ്ട്. ലഹരി തലയ്ക്കു പിടിച്ച് അബോധാവസ്ഥയിലായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. അഞ്ചു കിലോമീറ്ററിന് ഉള്ളിൽ എട്ടു വാഹനങ്ങളിലാണ് ജുബിൻ ഓടിച്ച കാർ ഇടിച്ചതെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു. ഇരുചക്ര വാഹന യാത്രക്കാരും ഇതിൽ ഉൾപ്പെടുന്നു. ആർക്കും കാര്യമായ പരുക്കില്ല.