മുട്ടയും പാലും വെജ് ബിരിയാണിയുമെല്ലാം രുചിച്ച് പഠനം കൂടുതല്‍ ഉഷാറാക്കാം. മികച്ച ആരോഗ്യവും പോഷകാഹാര സമൃദ്ധിയും മുന്‍നിര്‍ത്തിയുള്ള പരിഷ്കരിച്ച സ്കൂള്‍ ഭക്ഷണക്രമം നാളെ ( വെള്ളി ) നിലവില്‍ വരും. വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശമെത്തുന്നതിന് മുന്‍പായി സാമ്പത്തിക പരിമിതിക്കിടയിലും സ്കൂളുകളില്‍ ഭൂരിഭാഗവും പുതിയ ഭക്ഷണക്രമത്തിലേക്ക് മാറിയിട്ടുണ്ട്.
വിശപ്പാറ്റാന്‍ പോന്ന കലങ്ങളിലേക്ക് ചൂടേറുന്ന സമയം. നുറുക്കിയും കുറുക്കിയും വിഭവ സമാഹരണം. പച്ചടിയും കിച്ചടിയും സാക്ഷാല്‍ ചിക്കന്‍ വിഭവങ്ങളും കുരുന്നുകള്‍ക്ക് രുചിക്കൂട്ടാവുന്നു. തൊടിയിലെ കായ് ഫലങ്ങള്‍ക്കൊപ്പം വിലയിലും ഗമയിലും മുന്‍നിരക്കാരനായ ഈ മുക്കണ്ണനെ പരിഗണിക്കാതെ കറികള്‍ക്ക് സ്വാദ് കൂട്ടാനാവില്ലല്ലോ.
എണ്ണ തൂവി കടുക് താളിച്ച് രുചിഭേദം കൂട്ടുന്ന സാഹചര്യം പലയിടത്തും വിലക്കയറ്റം കാരണം നിയന്ത്രിച്ചിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണെങ്കിലും സര്‍ക്കാര്‍ നിര്‍ദേശം കൃത്യമായി പാലിക്കാനുള്ള തയാറെടുപ്പിലാണ് സ്കൂള്‍ അധികൃതര്‍. വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, പയര്‍, മുരിങ്ങിക്ക, മുട്ട വിഭവങ്ങള്‍ അങ്ങനെ നീളുന്നു പുതിയ രുചിഭേദങ്ങളുടെ നിര.
ഇനിയുമേറെ വിഭവങ്ങള്‍ നിരക്കുന്നതോടെ സ്കൂള്‍ ഭക്ഷണപ്പട്ടിക കൂടുതല്‍ ഉഷാറാവും. ഭക്ഷണവിതരണ വിഭവങ്ങള്‍ പരിഷ്കരിച്ചെങ്കിലും കൂടുതല്‍ തുക അനുവദിക്കാത്തത് പ്രതിസന്ധിയാണ്. സാഹചര്യം നോക്കി വൈകാതെ ഫണ്ട് വിഹിതം ഉയര്‍ത്തുമെന്ന മന്ത്രി വി.ശിവന്‍കുട്ടിയുടെ വാക്കുകളിലാണ് അധ്യാപകരുടെ പ്രതീക്ഷ. അരവയറുമായി അങ്കലാപ്പോടെ അധ്യയനം തുടരുന്ന കാലം മാറിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ ഉണര്‍വ് ചില്ലറയല്ല. കുട്ടികളുടെ ആരോഗ്യ, പോഷകാഹാര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടെന്ന സാഹചര്യമാവുമ്പോള്‍ മക്കളെല്ലാം പഠിച്ച് മിടുക്കരായി ഊര്‍ജസ്വലരായി മുന്നേറാനുള്ള വഴി കൂടുതല്‍ തെളിയുകയാണ്.