drug-case

കൊച്ചിയിൽ നാല്‍പ്പത് ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. ഫോർട്ട്കൊച്ചി കൽവത്തി സ്വദേശി നസീഫ് റഹ്മാനാണ് പിടിയിലായത്. രണ്ട് കിലോയിലേറെ ഹാഷിഷ് ഓയിലാണ് നസീഫിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. കൊച്ചിയിലെ പ്രധാന ലഹരിവിതരണക്കാരിൽ ഒരാളായ നസീഫ് ആഴ്ചകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. 

ഓരോ കിലോ വീതമുള്ള രണ്ട് പൊതികളിലാക്കിയാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. മൊത്തമായി വാങ്ങി പിന്നീട് ചെറിയ അളവിൽ വിൽപന നടത്താനായിരുന്നു പദ്ധതി. സിനിമ മേഖലയിലടക്കം ലഹരി മരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നാണ് സൂചന. മട്ടാഞ്ചേരി ചെർളായി കടവ് സ്വദേശി ജാസിം റഫീഖാണ് ലഹരിമരുന്ന് നൽകിയതെന്നാണ് നസീഫിന്റെ മൊഴി. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.  കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷൈബു പി ഇ മഞ്ഞപ്രയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

എൻഡിപിഎസ് നിയമപ്രകാരം പരമാവധി 20 വർഷം ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പാർട്ടിയിൽ സർക്കിൾ ഇൻസ്‌പെക്ടറോടൊപ്പം എക്സൈസ് ഇൻസ്‌പെക്ടർ അഞ്ജു കുര്യാക്കോസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് വി. ഉദയകുമാർ വി,അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ്  കെ.പി ജയറാ , പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് എൻ.യു അനസ്, സിവിൽ എക്സൈസ് ഓഫീസർ ദീപു തോമസ്, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ്‌ ആഷിഖ്  എന്നിവരും മട്ടാഞ്ചേരി എക്സൈസ് റേഞ്ച്‌ ഓഫീസിലെ  സിവിൽ എക്സൈസ് ഓഫീസർമാരായ അരവിന്ദ് പി വാസുദേവ്,അക്ഷയ് ശ്രീകുമാർ എന്നിവരും ഉണ്ടായിരുന്നു.

ENGLISH SUMMARY:

₹40 Lakh Worth of Drugs Seized from House; Excise Nabs Accused