വിവാദ വെളിപ്പെടുത്തല്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡോക്ടർ ഹാരിസ്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും ഇത് പ്രതികാരനടപടിയാണെന്നും ഹാരിസ് പറഞ്ഞു. ഉപകരണങ്ങള്‍ ഇല്ലെന്ന് പറഞ്ഞത് സത്യമാണ്. താന്‍ ശസ്ത്രക്രിയ മുടക്കിയെന്നത് കള്ളം. തനിക്കെതിരായ സമിതിയുടെ റിപ്പോര്‍ട്ട് വ്യാജമെന്നും ഹാരിസ് പറയുന്നു. ഉപകരണക്ഷാമം ഇപ്പോളുമുണ്ട്, അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ഹാരിസ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ ഉപകരണ പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞതിലാണ് ഡോക്ടർ ഹാരിസിനെതിരെ നടപടി. വെളിപ്പെടുത്തല്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.ഇയാണ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്. ഡോ. ഹാരിസിനെതിരെ ഗുരുതര ആരോപണങ്ങളാണ് നോട്ടിസിലുള്ളത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും ഉപകരണമില്ലെന്ന പേരില്‍ ശസ്ത്രക്രിയ മുടക്കിയെന്നും നോട്ടിസില്‍ പറയുന്നു. ഉപകരണം ഉണ്ടായിരുന്നെന്ന് അന്വേഷണസമിതി കണ്ടെത്തി. ഉപകരണക്ഷാമം അധികാരികളെ അറിയിച്ചില്ല. ഡോക്ടര്‍ തെറ്റായ വിവരം പ്രചരിപ്പിച്ചുവെന്നും നോട്ടിസിലുണ്ട്. നോട്ടിസില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്.
ആരോഗ്യ വകുപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ടായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലുകള്‍. ഉപകരണ ക്ഷാമം ഒരു വർഷം മുമ്പേ ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നെന്നും തുടർനടപടികൾ ഉണ്ടായില്ലെന്നും ഹാരിസ് പറഞ്ഞിരുന്നു. ഉപകരണങ്ങൾ വാങ്ങിക്കാൻ വിവിധ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞെന്നും ലജ്ജയും നിരാശയും തോന്നുന്നുവെന്നും ഹാരിസ് പറയുകയുണ്ടായി. ഹാരിസിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ആശുപത്രിയിലെ ഉപകരണക്ഷാമം സ്ഥിരീകരിച്ച് ഒരു രോഗിയുടെ ബന്ധുവും ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു.