ഛത്തീസ്‍ഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ വ്യാപക പ്രതിഷേധത്തില്‍ പ്രതിരോധത്തിലായ ബി.ജെ.പി മുഖംരക്ഷിക്കാന്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ക്രൈസ്തവ സഭാധ്യക്ഷന്മാരെ നേരില്‍കണ്ട് പാര്‍ട്ടി നിലപാട് വിശദീകരിക്കും. അതേസമയം നേതാക്കളിലെ അഭിപ്രായഭിന്നത വെളിവാക്കുന്നതായി മുന്‍സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
ക്രൈസ്തവ സമൂഹത്തിന് ബിജെപിയോടുള്ള പ്രതിഷേധം തണുപ്പിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ തന്നെ മുന്നിട്ടിറങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തുന്ന രാജീവ് രാത്രി എട്ടിന് സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ കാണും. നാളെ തൃശൂരിലെത്തുന്ന അദ്ദേഹം സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും കാണും. കന്യാസ്ത്രീകള്‍ അറസ്റ്റിലായ സാഹചര്യം, അവര്‍ക്ക് നീതിലഭ്യമാക്കാന്‍ സംസ്ഥാന ബി.ജെ.പിയുടെ ഇതുവരെയുള്ള ഇടപെടല്‍ തുടങ്ങിയകാര്യങ്ങള്‍ അദ്ദേഹം ബോധ്യപ്പെടുത്തും. കന്യാസ്ത്രീകളുടെ മോചനത്തിന് വേണ്ട സഹായവുമായി മുന്നോട്ടുപോകനാണ് ബി.ജ.പി. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. അതിനിടെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തോടുള്ള ഭിന്നത വ്യക്തമാക്കി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടു. സംവണ മണ്ഡലങ്ങളില്‍ പോലും കേരളത്തില്‍ ജയിച്ചുവരാനുള്ള അവസരം യഥാര്‍ഥ പട്ടികജാതിക്കാര്‍ക്കില്ലെന്ന് അദ്ദേഹം. ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാര്‍ മാത്രം എന്ന് കുറിച്ച സുരേന്ദ്രന്‍ കൊടിക്കുന്നില്‍ സുരഷിന്റെയും പി.കെ.ബിജുവിന്റെയും ചിത്രങ്ങളും പോസ്റ്റുചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖറിന്റെ എഫ്.ബി പോസ്റ്റിനോട് വിയോജിച്ചുകൊണ്ട് മുതിര്‍ന്ന ആര്‍.എസ്.എസ്. പ്രചാരകന്‍ കെ. ഗോവിന്ദന്‍ കുട്ടിയും കമന്റ് ഇട്ടിരുന്നു.