കോഴിക്കോട് വിലങ്ങാട് ഗ്രാമത്തെ ഉരുളെടുത്തിട്ട് ഒരുവര്‍ഷം. മരണം ഒന്നിലൊതുങ്ങിയെങ്കിലും വീടും കൃഷിയിടങ്ങളും അടക്കം ഒരായുസില്‍ സ്വരുക്കൂട്ടിയതാണ് വിലങ്ങാട്ടുക്കാര്‍ക്ക് നഷ്ടമായത്. ഒന്നാം വാര്‍ഷികത്തിലും പുനരധിവാസം എങ്ങും എത്തിയിട്ടില്ല.
2024 ജൂലൈ 30 പുലര്‍ച്ചയാണ് കോഴിക്കോട് വിലങ്ങാട് ഗ്രാമത്തെ ഉരുളെടുക്കുന്നത്. ആദ്യം ചെറിയ മലവെള്ളപ്പാച്ചില്‍ മാത്രം . പിന്നീട് കുന്നിന്‍ ചെരുവില്‍ നിന്ന് ചെളിയും ഭീമന്‍ പാറകക്ഷണങ്ങളും ഒഴുകിയെത്തി. ജീവനും കയ്യിലെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു ആളുകള്‍.ഇതിനിടയില്‍ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല്‍ മാത്യു എന്ന നാട്ടുകാരുടെ മത്തായി മാഷിന്‍റെ ജീവന്‍ നഷ്ടമായി ചെറുതും വലുതുമായ 24 ഉരുള്‍പ്പൊട്ടല്‍ ഉണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്. വാണിമേല്‍ നരിപ്പറ്റ പഞ്ചായത്തുകളിലെ വിലങ്ങാട് പാലൂര്‍, കുറ്റല്ലൂര്‍,മലയങ്ങാട്,വാളാംതോട് തുടങ്ങി സ്ഥലങ്ങളിലെ ഉരുള്‍ താണ്ഡവമാടാത്ത ഒരിഞ്ചു ഭൂമിപോലും ബാക്കിയുണ്ടായില്ല. 14 വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി 112 വീടുകള്‍ വാസയോഗ്യമല്ലാതായി കോടികളുടെ കൃഷി നാശമുണ്ടായി. റോഡുകളും പാലങ്ങളും തകര്‍ന്നു. വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി നിസ്സാഹയാരായ 480 ഓളം മനുഷ്യര്‍ ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടി.
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മുണ്ടക്കൈയിലും–ചൂരല്‍മലയിലും ഉരുള്‍പ്പൊട്ടി മരണസംഖ്യയിലും നാശനഷ്ടത്തിന്‍റെ വ്യാപ്തി ഉയര്‍ന്നതോടെ.വിലങ്ങാട്ടെ ജനതയുടെ ദു:ഖം ശ്രദ്ധിക്കെപ്പെടാതെ പോയി. പൂര്‍ണമായും വീടു നഷ്ടമായവരുടെ പട്ടികയിലുള്‍പ്പെട്ടവ 31 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ സഹായധനം അനുവദിച്ച സര്‍ക്കാര്‍, രണ്ടാം പട്ടികയില്‍ ഉള്‍പ്പെട്ടവരെ തഴഞ്ഞ കാഴ്ചയാണ് ദുരന്തവാര്‍ഷികത്തിലുള്ളത്. വിലങ്ങാട്ടെ 3 വാര്‍ഡുകളിലെ നിര്‍മാണ വിലക്കിന്‍റെ കാര്യത്തിലും കൃത്യമായ തീരുമാനം ഉണ്ടായിട്ടില്ല.