കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ സ്വയംഭോഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. മൈലക്കാട് സ്വദേശി സുനില്‍കുമാറാണ് പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നുമാണ് സുനില്‍കുമാറിനെ പൊലീസ് പിടികൂടിയത്. ലൈംഗിക വൈകൃതം നിറഞ്ഞ പെരുമാറ്റത്തിനെതിരെ ബസിലെ യാത്രക്കാരി വിഡിയോ സഹിതം പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
തിങ്കളാഴ്ച രാത്രിയില്‍ കൊട്ടിയത്ത് നിന്നും കൊല്ലത്തേക്ക് സഞ്ചരിച്ച സ്ത്രീക്കായിരുന്നു കെഎസ്ആര്‍ടിസിയിലെ യാത്രയ്ക്കിടെ ദുരനുഭവം ഉണ്ടായത്. മാവേലിക്കരയിലേക്കുള്ള ഫാസ്റ്റ് പാസഞ്ചറില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. ബസ് മേവറം കഴിഞ്ഞതോടെയാണ് അടുത്ത സീറ്റിലിരിക്കുന്നയാള്‍ തന്നെ നോക്കിയിരുന്ന് സ്വയംഭോഗം ചെയ്യുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ബസില്‍ പൊതുവേ യാത്രക്കാരും കുറവായിരുന്നു. അതിക്രമത്തിന്‍റെ വിഡിയോ പകര്‍ത്തിയ യുവതി ദുരനുഭവത്തെ കുറിച്ച് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. യുവതി ചിത്രീകരിച്ച വിഡിയോയില്‍ യാത്രക്കാരന്‍റെ വൈകൃതം നിറഞ്ഞ പെരുമാറ്റം വ്യക്തമായിരുന്നു.