ദുരന്തഭൂമിയിലെ രക്ഷാകരങ്ങള്‍ ചേര്‍ത്ത് നിര്‍ത്തിയവരില്‍ മനുഷ്യര്‍ മാത്രമല്ല ഉണ്ടായിരുന്നത്. അന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയ ഒരു പൂച്ചക്കുട്ടിയുടെ കഥയാണ് ഇനി. ഫയര്‍ വുമണായ ശ്രീഷ്മയുടെ തണലില്‍ നൈല എന്ന വെള്ളച്ചി സുഖമായിരിക്കുന്നു.
നൈലയെ കാണാന്‍ നൂല്‍പ്പുഴയിലെ വീട്ടിലേക്ക് എത്തിയതാണ് ഞങ്ങള്‍. ക്യാമറ കണ്ടപ്പോള്‍ ചെറിയ ഒരു ഒളിച്ചുകളി തുടങ്ങി. ആളെ വേണ്ടത്ര പരിചയം ഇല്ലാത്തതുകൊണ്ടാണ്. പക്ഷേ ശ്രീഷ്മയുടെ കൂടെ അങ്ങനെയല്ല. കല്‍പ്പറ്റയിലെ ഫയര്‍ സ്റ്റേഷനില്‍ നിന്ന് ജോലി കഴിഞ്ഞുവരുന്നതും കാത്ത് വീടിന്‍റെ പൂമുഖത്ത് ഉണ്ടാകും.
ചൂരല്‍മലയിലെ ദുരന്തഭൂമിയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തിയപ്പോള്‍ ഇട്ട പേരാണ് നൈല. പിന്നീട് ഫയര്‍ സ്റ്റേഷനില്‍ കുറച്ച് ദിവസം ഉണ്ടായിരുന്നു. അവിടെ നൈല ഒറ്റയ്ക്കാകുമെന്ന പേടികൊണ്ട് ശ്രീഷ്മ വീട്ടിലേക്ക് കൂട്ടി. നൈലയെ വെള്ളച്ചി എന്ന് വിളിക്കാനാണ് വീട്ടുകാര്‍ക്കും ഇഷ്ടം. ചെളിയില്‍ പുരണ്ട് വിറങ്ങലിച്ച ആ പഴയ നൈല അല്ല ഇപ്പോള്‍. വളര്‍ന്നുവലുതായ വെള്ളച്ചി ഈ കുടുംബത്തിന്‍റെയാകെ സന്തോഷത്തിന്‍റെ ഭാഗമാണ്. ഒരു നാട് മുന്നോട്ട് വയ്ക്കുന്ന അതിജീവനത്തിന്‍റെ പ്രതീകമാണ്.